ഓഫീസ് മുറ്റത്ത് കൃഷിയിറക്കി; വരുമാനം നിർധന കുട്ടികൾക്കുള്ള പഠനോപകരണങ്ങൾക്ക്
1425592
Tuesday, May 28, 2024 7:56 AM IST
മുക്കം: ഓഫീസ് മുറ്റത്ത് നടത്തിയ പച്ചക്കറി കൃഷിയിലൂടെ ലഭിച്ച വരുമാനം കൊണ്ട് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വാങ്ങി നൽകി മാതൃകയായി ഒരു പറ്റം ഉദ്യോഗസ്ഥർ. മുക്കം ഫയർ സ്റ്റേഷനിലെയും കൃഷി ഭവാനിലെയും ഉദ്യോഗസ്ഥരാണ് മാതൃക പ്രവർത്തനം നടത്തിയത്. ഇരു ഓഫീസുകൾക്കും തൊട്ടടുത്ത് പ്രവർത്തിക്കുന്ന അഗസ്ത്യൻമുഴി താഴക്കോട് എയുപി സ്കൂളിലെ കുട്ടികൾക്കാണ് പുതിയ അധ്യയന വർഷത്തേക്കുള്ള പഠനോപകരണങ്ങൾ വാങ്ങി നൽകിയത്.
ഫയർ സ്റ്റേഷൻ വളപ്പിലും സിവിൽ സ്റ്റേഷൻ വളപ്പിലും കൃഷി ചെയ്ത പച്ചക്കറികൾ ലേലം ചെയ്ത് വിറ്റ് കിട്ടിയ വരുമാനമാണ് ഈ സൽപ്രവൃത്തിക്കായി ഉപയോഗിച്ചത്. പയർ, വെണ്ട, പച്ചമുളക്, വഴുതിന തുടങ്ങിയവയായിരുന്നു കൃഷി ചെയ്തത്. കൃഷിയിൽ മികച്ച വിളവും ലഭിച്ചു. വിളവെടുത്ത പച്ചക്കറികൾ ഫയർ സ്റ്റേഷനിലെയും സിവിൽസ്റ്റേഷനിലെയും ഉദ്യോഗസ്ഥർ തന്നെയാണ് ലേലത്തിലൂടെ വാങ്ങുന്നത്. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകളിലും തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷി ഇറക്കണമെന്ന സർക്കാർ പദ്ധതിയുടെ ഭാഗമായാണ് ഇവിടേയും കൃഷിയാരംഭിച്ചത്.
സ്കൂൾ ബാഗ്, നോട്ട് ബുക്ക്, വാട്ടർ ബോട്ടിൽ, കുട തുടങ്ങിയവ അടങ്ങിയ കിറ്റാണ് നൽകിയത്. താഴക്കോട് എയുപി സ്കൂളിൽ നടന്ന ചടങ്ങിൽ കിറ്റ് സ്കൂൾ പ്രധാന അധ്യാപകനെ ഉദ്യോഗസ്ഥർ ഏൽപ്പിച്ചു. ചടങ്ങിൽ മുക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. ദീപ്തി, മുക്കം ഫയർ ഓഫീസർ എം. അബ്ദുൽ ഗഫൂർ, മുക്കം കൃഷി ഓഫീസർ ടിൻസി തുടങ്ങിയവർ പങ്കെടുത്തു.