കൊയിലാണ്ടിയിൽ കനത്ത മഴ; വെള്ളക്കെട്ട്, നാശം
1459946
Wednesday, October 9, 2024 7:13 AM IST
കൊയിലാണ്ടി: കൊയിലാണ്ടിയിൽ കഴിഞ്ഞദിവസം പെയ്ത കനത്ത മഴയിൽ വ്യാപക നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ബൈപ്പാസ് നിർമ്മാണം പുരോഗമിക്കുന്ന പന്തലായനി, കൊല്ലം, വിയ്യൂർ, കൊയിലാണ്ടി ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷമായത്. വെള്ളക്കെട്ടു കാരണം വാഹന ഗതാഗതം താറുമാറായി. കൊയിലാണ്ടി -നടേലക്കണ്ടി റോഡിലായിരുന്നു രൂക്ഷമായ വെള്ളക്കെട്ട്.
ഇവിടെ ബൈക്കുകളും ഓട്ടോറിക്ഷകളും വെള്ളത്തിൽ മുങ്ങി എഞ്ചിൻ ഓഫായത് കാരണം യാത്രക്കാർ ദുരിതത്തിലായി. തിങ്കളാഴ്ച വൈകീട്ട് 6.15 ഓടെ തുടങ്ങിയ മഴ രാത്രി 8.30 ഓടെയാണ് ശമിച്ചത്. ദേശീയപാതയിൽ ചേമഞ്ചേരി പെട്രോൾ പന്പിനു സമീപം രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടതിനെ പൊയിൽക്കാവ് മുതൽ പുക്കാട് വരെ ഗതാഗത തടസം രൂക്ഷമായി. പൊയിൽക്കാവ് ക്ഷേത്രത്തിനു സമീപം വെള്ളക്കെട്ട് കാരണം യാത്രാ തടസമുണ്ടായി.
റോഡുകൾ ചെളിക്കുളമായി മാറി. കൊയിലാണ്ടി -കോഴിക്കോട് റൂട്ടിൽ പൊയിൽക്കാവ് മുതൽ വെങ്ങളം വരെയുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ മണിക്കൂറുകൾ താമസിച്ചാണ് വാഹനങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തിയത്.
കൊയിലാണ്ടി കോഴിക്കോട് റൂട്ടിൽ പല ബസുകളുടെയും ട്രിപ്പുകൾ മുടങ്ങി. ചേമഞ്ചേരിയിൽ രാജസ്ഥാൻകാർ താമസിക്കുന്ന ഷെഡിൽ വെള്ളം കയറിയതിനാൽ അവർ നിർമ്മിച്ച പ്രതിമകൾ പാടെ നശിച്ചുപോയി. തിരവങ്ങൂരിലെ ഓട്ടോ ഡ്രൈവർ ടി. ബാബുവിന്റെ ചേമഞ്ചേരിയിലെ വസതിയിലെ വൈദ്യുതി മീറ്റർ ഇടിമിന്നലിൽ തെറിച്ചു പോയി.
ഇടിമിന്നലിൽ സ്കൂളിന് നാശനഷ്ടം
കൊയിലാണ്ടി: തിങ്കളാഴ്ച വൈകീട്ടുണ്ടായ ഇടിമിന്നലിൽ പന്തലായനി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം കെട്ടിടത്തിലെ നിരവധി ഉപകരണങ്ങൾ കത്തിനശിച്ചു. സ്കൂൾ സമയമല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. ഏകദേശം 45,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പ്രിൻസിപ്പൽ അറിയിച്ചു.