എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പോലീസിന്റെ പിടിയില്‍
1578452
Thursday, July 24, 2025 5:17 AM IST
കോഴിക്കോട്: അത്തോളിയില്‍ എല്‍എസ്ഡി സ്റ്റാമ്പുമായി യുവാവ് പോലീസിന്റെ പിടിയില്‍. ഉള്ളിയേരി മഠത്തില്‍ കുന്നുമ്മലിലെ മുഹമ്മദ് ജവാദാണ് പിടിയിലായത്.
ഉള്ള്യേരി, അത്തോളി, മൊടക്കല്ലൂര്‍ എന്നിവിടങ്ങളിലും മെഡിക്കല്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചും പ്രതി വന്‍തോതില്‍ എംഡിഎംഎയും എല്‍എസ്ഡി സ്റ്റാമ്പുകളും വില്പന നടത്തി വരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഹമ്മദ് ജവാദിനെ പോലീസ് വലയിലാക്കിയത്.
ഇയാളില്‍ നിന്നും 0.020 ഗ്രാം തൂക്കം വരുന്ന ആറ് എല്‍എസ്ഡി സ്റ്റാമ്പുകള്‍ പോലീസ് പിടിച്ചെടുത്തു. ഇയാള്‍ സ്ഥിരമായി ആഡംബര വാഹനങ്ങളില്‍ യാത്ര ചെയ്താണ് ലഹരി വില്പന നടത്തിയിരുന്നത്.
പ്രതി ഉപയോഗിച്ച കാര്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. അത്തോളി എസ്ഐ മുഹമ്മദലിയുടെ നേതൃത്വത്തില്‍ എസ്ഐ മനോജ് രാമത്ത്, എഎസ്ഐ സദാനന്ദന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ടി.വിനീഷ്, എന്‍.എം.ഷാഫി, സിഞ്ചുദാസ്, കെ.കെ.ജയേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.