കുറ്റ്യാടി- കോഴിക്കോട് ബസ് സമരം ഒത്തുതീർന്നു : സ്വകാര്യ ബസുകൾ ഇന്നു മുതൽ നിരത്തിലിറങ്ങും
1578703
Friday, July 25, 2025 5:32 AM IST
പേരാമ്പ്ര: കുറ്റ്യാടി- കോഴിക്കോട് ബസ് സമരം ഒത്തുതീർന്നു. പേരാമ്പ്ര ഡിവൈഎസ്പി ഇന്നലെ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്.
ബസ് ഓണർസ് അസോസിയേഷൻ, വിവിധ തൊഴിലാളി സംഘടനകൾ, കെഎസ്ആർടിസി ഉദ്യോഗസ്ഥർ, പോലീസ് ഇൻസ്പെക്ടർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ബസുകൾ വാടകക്ക് ഓടുന്ന പ്രവണതക്കെതിരേ കർശന നടപടി എടുക്കാൻ തീരുമാനിച്ചു. പേരാമ്പ്ര ടൗണിലെ അനധികൃത പാർക്കിംഗ് വൺ വേയാക്കും. കോഴിക്കോട് റൂട്ടിലെ വിവാഹ ഓഡിറ്റോറിയങ്ങളിലെ റോഡിലേക്ക് ഇറക്കിയുള്ള പാർക്കിംഗ് നിർത്തലാക്കും.
ബസുകളിലെ സിസിടിവി കാമറകൾ നിർബന്ധമായും പ്രവർത്തിപ്പിക്കണം. ദീർഘകാല പ്രവൃത്തിപരിചയം ഉള്ള ഡ്രൈവർമാരെ നിയമിക്കുക, വേഗത കുറക്കുക, പേരാമ്പ്ര ബസ് സ്റ്റാൻഡിലെ ഏജന്റുമാരെ ഒഴിവാക്കുക, ബസ് ജീവനക്കാർക്ക് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങളിലും തീരുമാനമായി.
കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ ബസ് അധികൃതരെ ഉൾപ്പെടുത്താ ത്തതിനെ തുടർന്നാണ് ഇന്നലെ ബസുകൾ സർവീസ് നടത്താതിരുന്നത്.