വാർധക്യം മറന്ന് പള്ളിയിൽ ഒത്തുകൂടി
1578706
Friday, July 25, 2025 5:32 AM IST
കൂരാച്ചുണ്ട്: വാർധക്യ സഹജമായ ശാരീരിക ബുദ്ധികളാലും രോഗങ്ങളാലും ഭവനങ്ങളിൽ കഴിയുന്ന മാതാപിതാക്കൾ കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന പള്ളിൽ എല്ലാം മറന്നു ഒത്തുകൂടി. സെന്റ് തോമസ് ഫൊറോന ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് ഇടവക സംഘടിപ്പിച്ച വയോജന ദിനാചരണ പരിപാടിയിലാണ് ഇടവകയിലെ വയോജനങ്ങളായ നൂറ്റിയമ്പതോളം പേർ ഒത്തുകൂടിയത്.
ഇടവകയുടെ ഉന്നമനത്തിനായി പ്രവർത്തിച്ച ഇവർ പരസ്പരം സ്നേഹാ ന്വേഷണങ്ങൾ അറിയിച്ചും കുശലങ്ങൾ പറഞ്ഞും സ്നേഹം പങ്കുവച്ചു. ഇവർ കുമ്പസാരം നടത്തിയും വിശുദ്ധ കുർബാനയിൽ പങ്കെടുത്തും ആത്മീയ ഉണർവോടെ സ്നേഹവിരുന്നിലും പങ്കെടുത്ത ശേഷമാണ് ഭവനങ്ങളിലേക്ക് മടങ്ങിയത്.
വികാരി ഫാ. വിൻസെന്റ് കണ്ടത്തിൽ വിശുദ്ധ കുർബാനക്ക് കാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. മൈക്കിൾ നീലംപറമ്പിൽ സഹകാർമികനായി. ട്രസ്റ്റിമാരായ ജോയി വേങ്ങത്താനം, ജോസ് അറയ്ക്കൽ, ജിജി കോനുക്കുന്നേൽ, സജി കൊഴുവനാൽ, കെസിവൈഎം, പാരീഷ് കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.