കാവിലുംപാറയിൽ കുട്ടിയാനയുടെ ആക്രമണം തുടരുന്നു
1578698
Friday, July 25, 2025 5:32 AM IST
കുറ്റ്യാടി: കാവിലുംപാറ മലയിൽ ആഴ്ചകൾക്ക് മുമ്പ് എത്തിയ കുട്ടിയാനയുടെ ആക്രമണം തുടരുന്നു. ചൂരണി ഭാഗത്താണ് ഇന്നലെ കുട്ടിയാന ഇറങ്ങി നാട്ടുകാരെ ഓടിക്കുകയും നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തത്. ചൂരണി റോഡിൽ ആന നാട്ടുകാരെ ഓടിച്ചു. കഴിഞ്ഞ ദിവസം കരിങ്ങാട് എസ്എൻഡിപി റോഡിൽ മുട്ടിച്ചിറ തങ്കപ്പൻ, ഭാര്യ ആനി എന്നിവരെ ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു.
കാട്ടാനകൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ട ആനകുട്ടി ദിവസങ്ങളായി കരിങ്ങാട് ചൂരണി മേഖലകളിൽ വികൃതി കാട്ടി നാശം വിതച്ചതോടെ മലയോര വാസികൾ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലേക്കും പഞ്ചായത്ത് ഓഫീസിലേക്കും എത്തിയിരുന്നു.
തുടർന്ന് ആനയെ എത്രയും വേഗത്തിൽ സുരക്ഷാ കേന്ദ്രത്തിലേക്ക് പിടിച്ച് മാറ്റുമെന്ന് ഉറപ്പ് നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടകാർ പറയുന്നു. നാട്ടുകാർ സ്വയം സംഘടിച്ച് ആനയെ ഓടിക്കുകയാണ്. ഫോറസ്റ്റ് അധികൃതർ എത്തുന്നില്ലെന്നും നാട്ടുകാർ പറയുന്നുണ്ട്.
കുട്ടിയാനയെ പിടികൂടണമെന്ന് കിഫ
കോഴിക്കോട്: കുട്ടിയാനയെ പിടികൂടണമെന്നു കിഫ കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനോജ് കുംബ്ലാനി ആവശ്യപ്പെട്ടു.
കോഴിക്കോട് ജില്ലയിൽ കാട്ടാനയുടെ ആക്രമണം മൂലം ആളപായം ഉണ്ടാകുന്നത് വരെ കാത്തിരിക്കാതെ എത്രയും പെട്ടെന്ന് നീക്കണമെന്നും യാതൊരു നിയന്ത്രണവും ഇല്ലാതെ വനം വകുപ്പിനെ അഴിച്ചുവിടുന്ന വകുപ്പ് മന്ത്രി രാജിവെക്കണമെന്നും കോഴിക്കോട് കിഫാ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.