ലക്ഷദ്വീപ്- ബേപ്പൂർ യാത്രാ കപ്പൽ സർവ്വീസ് പുന:സ്ഥാപിക്കുന്നത് പരിഗണനയിലില്ലെന്ന്
1578934
Saturday, July 26, 2025 5:33 AM IST
ന്യൂഡൽഹി: നിർത്തലാക്കിയ ലക്ഷദ്വീപ് -ബേപ്പൂർ പാസഞ്ചർ സർവ്വീസ് പുന:സ്ഥാപിക്കുന്നത് നിലവിൽ ലക്ഷദ്വീപ് അഡ്മിനിഷ് ട്രേഷന്റെ പരിഗണനയിലില്ലെന്ന് മന്ത്രി. എം.കെ രാഘവൻ എം.പി ഉന്നയിച്ച ചോദ്യത്തിനാണ് മറുപടിയായി കേന്ദ്ര തുറമുഖ ഷിപ്പിംഗ് ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ ഇക്കാര്യം വ്യക്തമാക്കിയത്.
ബേപ്പൂർ തുറമുഖത്തിന്റെ ആഴക്കുറവാണ് പാസഞ്ചർ സർവ്വീസുകൾ നിർത്തുന്നതിന് കാരണമായതെന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചെങ്കിലും, പാസഞ്ചർ സർവ്വീസുകൾ നടത്തുന്നതിന് മതിയായ ആഴം ഉണ്ടെന്ന് കാണിച്ച് ബേപ്പൂർ പോർട്ട് ഓഫീസർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ്, പോർട്ട് ഓഫീസറുടെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി സർവ്വീസ് പുനസ്ഥാപിക്കുമോ എന്ന ചോദ്യം ലോക് സഭയിൽ എംപി ഉന്നയിച്ചത്.
എന്നാൽ ലക്ഷദ്വീപ് ഭരണകൂടം ബേപ്പൂർ തുറമുഖത്തെ പ്രാഥമികമായി ചരക്ക് നീക്കത്തിന് മാത്രമായാണ് ഉപയോഗിക്കുന്നതെന്നും, പാസഞ്ചർ സർവ്വീസുകൾ കൊച്ചിയിലേക്കാണെന്നും, ബേപ്പൂരിലേക്കുണ്ടായിരുന്ന സർവ്വീസ് പുന:സ്ഥാപിക്കുന്നത് നിലവിൽ പരിഗണനയിലില്ലെന്നുമുള്ള മറുപടിയാണ് ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.