മിന്നൽ ചുഴലി ; പുളിയാവിൽ കനത്ത നാശം
1578933
Saturday, July 26, 2025 5:33 AM IST
നാദാപുരം: ചെക്യാട് പഞ്ചായത്തിലെ പുളിയാവ് ഭാഗങ്ങളിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശം. നിരവധി വൃക്ഷങ്ങൾ കടപുഴകി വീണ് വീടുകൾ തകർന്നു. ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വൈദ്യുതി ബന്ധം താറുമാറായി.
ചെറുവാതുക്കൽ മഹ്മൂദിന്റെ വീടിന് മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂരയുടെ ഓടുകൾ തകർന്നു. അയൽവീടായ അന്ത്രുവിന്റെ വീടിന് മുകളിലേക്ക് പുളിമരം വീണ് ഷീറ്റ് തകർന്നു. പാലക്കൂൽ സമീറിന്റെ വീടിനു മുകളിൽ മരം വീണ് വീടിന്റെ മേൽക്കൂര തകർന്നു. ആവുക്കൽ പറമ്പിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ശക്തമായ കാറ്റിൽ വാഴകൾ വ്യാപകമായി നിലം പൊത്തി. പല വീടുകളിലും കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ച പൈപ്പ് ലൈൻ മരങ്ങൾ വീണ് തകർന്ന നിലയിലാണ്. ഏകദേശം എട്ട് ഇലക്ട്രിക് പോസ്റ്റുകൾ മരം വീണ് തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം നിശ്ചലമായി.