മോദി സർക്കാർ ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുന്നു: കെ. പ്രകാശ് ബാബു
1578705
Friday, July 25, 2025 5:32 AM IST
നാദാപുരം: അടിയന്തിരാവസ്ഥയുടെ പേര് പറഞ്ഞ് മോദി സർക്കാർ 11 വർഷമായി ഇന്ത്യയെ ഫാസിസത്തിലേക്ക് നിയിക്കുകയാണെന്ന് സിപിഐ ദേശീയ എക്സിക്യൂട്ട് അംഗം കെ. പ്രകാശ് ബാബു. സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം കല്ലാച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോദി ഇന്ത്യയെ ഫാസിസത്തിലേക്ക് നയിക്കുകയാണ്. മൗലികാവകാശലംഘനമാണ് ഇന്ത്യയിൽ തുടരുന്നത്. ഭിന്നാഭിപ്രായം പറയുന്നവരെ ജയിലിലാക്കുകയാണ്. നിരവധി മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമ പ്രവർത്തകർ, പൊതു പ്രവർത്തകർ ഉൾപ്പെടെയുള്ളവർ ജയിലുകളിൽ കഴിയുകയാണ്. കേരളത്തിൽ കേന്ദ്രസർക്കാരിന് ബദലായാണ് എൽഡിഎഫ് സർക്കാർ പ്രവർത്തിക്കുന്നത്.
ഓണത്തിന് കേന്ദ്രം അരി തരില്ലെന്നാണ് അറിയിച്ചത്. എന്നാൽ ഇവിടെയുള്ള സ്റ്റോക്കിൽ നിന്നെടുത്ത് വിതരണം ചെയ്യാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തിന് തുടക്കം കുറിച്ച് എം. നാരായണൻ മാസ്റ്റർ നഗറിൽ മുതിർന്ന പ്രതിനിധി കെ.ജി. പങ്കജാക്ഷൻ പതാക ഉയർത്തി.
സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സിപിഐ സംസ്ഥാന അസി. സെക്രട്ടറി ഇ. ചന്ദ്രശേഖരൻ എംഎൽഎ, സംസ്ഥാന എക്സി. അംഗവും ഭക്ഷ്യമന്ത്രിയുമായ ജി.ആർ. അനിൽ, സംസ്ഥാന എക്സി. അംഗം അഡ്വ. പി. വസന്തം എന്നിവർ പ്രസംഗിച്ചു.