ദേശീയപാത നിർമാണം: ഷാഫി പറമ്പിൽ എംപി കേന്ദ്ര മന്ത്രിയെ കണ്ടു
1578712
Friday, July 25, 2025 5:42 AM IST
കൊയിലാണ്ടി: ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ ഷാഫി പറമ്പിൽ എംപി കേന്ദ്ര മന്ത്രി നിധിൻ ഗഡ്കരിയെ നേരിൽകണ്ട് അറിയിച്ചു. ദുരിതങ്ങളുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പത്രവാർത്തകളും മന്ത്രിയെ പാർലമെന്റിൽ നേരിട്ട് കണ്ടു ബോധ്യപ്പെടുത്തുകയായിരുന്നു.
നിർമാണവുമായി ബന്ധപ്പെട്ട് വെങ്ങളം മുതൽ അഴിയൂർ വരെയുള്ള പ്രദേശത്ത് ജനങ്ങൾ അനുഭവിക്കപ്പെടുന്ന ബുദ്ധിമുട്ടുകൾ പ്രതിനിധികളെ അറിയിച്ചു. മന്ത്രി വിഷയങ്ങൾ ശരിവയ്ക്കുകയും ചെയ്തു.
ഉപകരാർ നൽകിയിട്ടുള്ള വഗാഡ് നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കാതിരിക്കുകയും കുറവുകൾ തിരുത്താതിരിക്കുകയും ചെയ്യുന്നത് മൂലം അനന്തമായ കാലതാമസം അനുഭവപ്പെടുന്നതിനാൽ അടിയന്തരമായി ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്ന് മന്ത്രി അദാനി കമ്പനി പ്രതിനിധികളെ അറിയിച്ചു.
അല്ലാത്തപക്ഷം നിർമാണ കമ്പനിയെ ടെർമിനേറ്റ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ ആലോചിക്കേണ്ടി വരുമെന്ന് മന്ത്രി മുന്നറിയിപ്പ് നൽകി. തകർന്നു കിടക്കുന്ന സർവീസ് റോഡുകൾ, നിരന്തരമായി പരാജയപ്പെടുന്ന സോയിൽ നെയ്ലിംഗ്, നിത്യ ദുരിതമായ ട്രാഫിക് ബ്ലോക്കുകൾ, മഴക്കാല മുന്നൊരുക്കങ്ങൾ നടത്താതിരുന്നത്, ശാസ്ത്രീയമായ ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കാതിരുന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ബോധ്യപ്പെടുത്താനായി.
സോയൽ നെയ്ലിംഗ് ടെക്നോളജി പരാജയമാണെന്നും പരാജയപ്പെട്ട ഇടങ്ങളിൽ ബഫർ സോണായി കൂടുതൽ സ്ഥലങ്ങൾ ഏറ്റെടുക്കേണ്ടി വരുമെന്നും കമ്പനി പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു.