ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ പിടിയില്‍
1578707
Friday, July 25, 2025 5:32 AM IST
കോഴിക്കോട്: ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ പിടിയില്‍. പുതിയറ അമ്യതാലയം വീട്ടില്‍ അനൂപിനെയാണ് കസബ പോലീസ് പിടികൂടിയത്. 13ന് രാത്രി പാളയത്ത് വച്ചായിരുന്നു സംഭവം.
കണ്ണൂര്‍ സ്വദേശിയായ യുവാവും, പെണ്‍സുഹൃത്തും ബുള്ളറ്റില്‍ വരുമ്പോള്‍ അളകാപുരി ഹോട്ടലിന് മുന്‍വശത്ത് വച്ച് പാളയം ജംഗ്ഷന് ഭാഗത്ത് നിന്നു ഓടിച്ച് വന്ന ഒരു ഗുഡ്സ് ഓട്ടോറിക്ഷ ബുള്ളറ്റില്‍ ഇടിക്കുകയും നിര്‍ത്താതെ പോകുകയുമായിരുന്നു.
ബൈക്ക് യാത്രികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കസബ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് വാഹനം തിരിച്ചറിഞ്ഞത്.
ഇടിച്ചിട്ട വാഹനം പാളയത്തുള്ള സിപി ബസാറിന് ഉള്വശത്തേക്കായി നിര്‍ത്തിയിട്ടിരിക്കുന്ന രീതിയില്‍ കസബ പോലീസ് കണ്ടെടുക്കുകയായിരുന്നു.
പ്രതിയെ പാളയത്തിന് സമീപത്തുവച്ചാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കസബ ഇന്‍സ്പെക്ടര്‍ ജിമ്മിയുടെ നേതൃത്വത്തില്‍ എസ്ഐ രാംദാസ്, എഎസ്ഐമാരായ സജേഷ് കുമാര്‍ എന്നിവരാണ് പിടികൂടിയത്.