തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടികയില്‍ കൃത്രിമമെന്ന് കോൺഗ്രസ്
1578927
Saturday, July 26, 2025 5:33 AM IST
കോടതിയെ സമീപിക്കുമെന്ന് കോണ്‍ഗ്രസ്
കോഴിക്കോട്: നിഷ്പക്ഷവും നീതിപൂര്‍വവുമായി നടക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാനപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ അട്ടിമറിച്ച സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന് രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍.
വാര്‍ഡ് വിഭജനം മുതല്‍ തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്ന ഈ നടപടിയെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു.കേരളം കണ്ട ഏറ്റവും അശാസ്ത്രീയമായ വാര്‍ഡ് വിഭജനമാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്. സമര്‍പ്പിച്ച പരാതികളില്‍ ഒന്നില്‍ പോലും നടപടി ഉണ്ടായിട്ടില്ല.
പല തദ്ദേശസ്വയംഭരണങ്ങളിലെയും വാര്‍ഡ് വിഭജന നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്യുകയും പലതും ഹൈക്കോടതിയുടെ പരിഗണനയിലുമാണുള്ളത്. കരട് വോട്ടര്‍പട്ടിക 23നാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ അതിന് മുമ്പ്തന്നെ പല തദ്ദേശസ്വയംഭരണ സെക്രട്ടറിമാരും സിപിഎമ്മിന് ചോര്‍ത്തിക്കൊടുത്തു. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ കൊടുത്തെങ്കിലും ഇലക്ഷന് കമ്മീഷന് കയ്യുംകെട്ടി നോക്കിനിന്നു. ഇതിനും അദ്ദേഹം കൂട്ടുനിന്നു.
കരട് വോട്ടര്‍പട്ടിക ഇറങ്ങിയപ്പോള്‍ അതിഭീകരമായ കൃത്രിമങ്ങളാണ് നടന്നിരിക്കുന്നത്. ജില്ലയില്‍ ആയിരക്കണക്കിന് ആളുകളുടെ പേരുകള്‍ പട്ടികയില്‍ ഇല്ല. കോഴിക്കോട് കോര്പറേഷന് യുഡിഎഫ് കക്ഷിനേതാവായ കെ.സി. ശോഭിതയുടെ പേര് പോലും പട്ടികയിലില്ല. കല്ലായ് വാര്‍ഡില്‍ മൂന്ന് തവണ കൗണ്‍സിലറായ സുധാമണിയുടെയും മറ്റ് മുന്നൂറോളം പേരുടെയും വോട്ട് കല്ലായ് പുഴയും കടന്ന് ആഴ്ചവട്ടം വാര്‍ഡിലേക്ക് മാറ്റിയിട്ടുണ്ട്.
പല വാര്‍ഡുകളുടെയും വോട്ടുകളുടെ എണ്ണത്തില്‍ ഏകീകരണമില്ല. ഉള്ള്യേരി പഞ്ചായത്തിലെ 5-ാം വാര്‍ഡിലെ വോട്ടര്‍മാര്‍ 3, 10 വാര്‍ഡുകളിലാണ് സ്ഥാനം പിടിച്ചത്. ഒരു വാര്‍ഡിലും പത്ത് ശതമാനത്തില്‍ കൂടുതല്‍ വീടുകള്‍ വര്‍ധനവ് പാടില്ലെന്ന നിബന്ധനകള്‍ കാറ്റില്‍ പറത്തി.കൊടുവള്ളി മുനിസിപ്പാലിറ്റിയില്‍ അതിര്‍ത്തികളും മാനദണ്ഡങ്ങളും ലംഘിച്ചാണ് പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
പുനര്‍വിഭജനം നടത്തിയ പഞ്ചായത്ത് വാര്‍ഡുകളുടെ വിഭജനം സംബന്ധിച്ചുതന്നെ പരാതികള്‍ നിലനില്‍ക്കെ ഡിലിമിറ്റേഷന്‍ കമ്മീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ പല വാര്‍ഡുകളിലെ വീടുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നു. നടുവണ്ണൂര്‍ പഞ്ചായത്തില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍ പട്ടികയിലുണ്ടായിരുന്ന നിരവധി ആളുകള്‍ ഇപ്പോള്‍ പട്ടികയിലില്ല. വടകര, കൊയിലാണ്ടി, പയ്യോളി മുനിസിപ്പാലിറ്റിയിലെ കരട് വോട്ടര്‍ പട്ടികയിലും മറ്റ് പഞ്ചായത്തുകളിലും വ്യാപകമായ കൃത്രിമമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇലക്ഷന് കമ്മീഷനില്‍ കേരള സമൂഹത്തിന് വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഷാജഹാന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ പൂര്‍ണമായും തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടും. ഇദ്ദേഹം തന്നെയാണ് തല്‍സ്ഥാനം തുടരുന്നതെങ്കില്‍ തെരഞ്ഞെടുപ്പ് പ്രക്രിയകള്‍ക്ക് ഹൈക്കോടതി യുടെ നിരീക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.