ജീവനക്കാരുടെ വയറ്റത്തടിക്കരുത്: എന്‍ജിഒ അസോസിയേഷന്
1578713
Friday, July 25, 2025 5:42 AM IST
കോഴിക്കോട് : ജില്ലാതല വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലെ (ഡയറ്റ്) അനധ്യാപക തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുടങ്ങിയ ശമ്പളം അടിയന്തരമായി വിതരണം ചെയ്യണമെന്ന് കേരള എന്‍ജിഒ അസോസിയേഷന് കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രേംനാഥ് മംഗലശ്ശേരി ആവശ്യപ്പെട്ടു.
ജീവനക്കാരുടെ വയറ്റത്തടിക്കരുതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.പൊതു വിദ്യാഭ്യാസ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയറ്റില്‍ ജൂണിലെ ശമ്പളം ഇതുവരെ നല്‍കിയിട്ടില്ല. സര്‍ക്കാരിനെ പ്രശംസിച്ച് തള്ളിക്കൊണ്ടു പോയാല്‍ ഡയറ്റിലെ ജീവനക്കാര്‍ക്ക് ജീവിതം തള്ളി നീക്കാനാകില്ലെന്ന് ഭരണ വിലാസംസംഘടനകള് ഓര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു.
അധ്യാപക പരിശീലന കേന്ദ്രങ്ങളില്‍ കഴിഞ്ഞ കഴിഞ്ഞ മാര്‍ച്ചിലും ശമ്പളം മുടങ്ങിയിരുന്നു. രണ്ടോ മൂന്നോ മാസം കൂടുമ്പോള്‍ തോന്നുംപടി ശമ്പളം നല്കുന്ന രീതി അവസാനിപ്പിക്കണമെന്നും ഡയറ്റിലെ എല്ലാ ജീവനക്കാരെയും സ്റ്റേറ്റ് ഫണ്ടിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.