കൃഷിയിടത്തിൽ കടുവയെ കണ്ടെത്തിയതോടെ ജനങ്ങൾ ഭീതിയിൽ
1226082
Thursday, September 29, 2022 11:53 PM IST
പുൽപ്പളളി: എരിയപ്പള്ളി, ചേപ്പില, താന്നിത്തെരുവ് പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം കണ്ടെത്തിയതോടെ പ്രദേശത്തെ ജനങ്ങൾ ആശങ്കയിൽ.
ബുധനാഴ്ച രാത്രിയോടെ താന്നി തെരുവ് പഴശിരാജ കോളജിന്റെ ഗ്രൗണ്ടിന് സമീപത്ത് കടുവ റോഡ് കടന്ന് പോകുന്നത് വാഹനയാത്രക്കാർ കണ്ടിരുന്നു. ഇന്നലെ രാവിലെ കണ്ണന്പള്ളി ഷാജിയുടെ റബർ തോട്ടത്തിലും നാട്ടുകാർ കടുവയെ കണ്ടതോടെ നാട്ടുകർ വനം വകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനം വകുപ്പ് പ്രദേശത്ത് തെരച്ചിൽ നടത്തി.
കഴിഞ്ഞ രണ്ട് മാസമായി എരിയപ്പള്ളി, തന്നിത്തെരുവ്, കളനാടിക്കൊല്ലി, സുരഭിക്കവല, പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. അടിയന്തരമായി കടുവയെ കൂട് വച്ച് പിടികൂടാൻ നടപടി വേണമെന്നാണ് നട്ടുകാരുടെ ആവശ്യം.
ജനവാസ കേന്ദ്രത്തിൽ
കണ്ടെത്തിയ കടുവക്കായി
തെരച്ചിൽ ഉൗർജിതമാക്കി
പുൽപ്പളളി: പഞ്ചായത്തിലെ താന്നിത്തെരുവ് ചേപ്പില പ്രദേശങ്ങളിൽ കടുവയുടെ സാന്നിധ്യം പകൽ സമയത്ത് കണ്ടെത്തിയതോടെ വനം വകുപ്പിന്റെ നേതൃത്വത്തിൽ അൻപതോളം ആർആർടി അംഗങ്ങളുടെ നേതൃത്വത്തിൽ പ്രദേശത്ത് തെരച്ചിൽ നടത്തി.
തെരച്ചിലിന് മുന്നോടിയായി പ്രദേശത്ത് ജനങ്ങൾക്ക് ജാഗ്രത്ര നിർദ്ദേശങ്ങൾ നൽകുകയും സമീപത്തെ വിദ്യാലയങ്ങൾക്ക് അവധി നൽകുകയും ചെയ്തു.
തുടർന്ന് ഉച്ചയ്ക്ക് മൂന്നോടെ ചെതലയം റേഞ്ചർ കെ.പി. അബ്ദുൾ സമദ്, പുൽപ്പള്ളി എസ്ഐ മനോജിന്റെയും നേത്യത്വത്തിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.