മനുഷ്യ-വന്യജീവി സംഘർഷം! വിവരശേഖരണത്തിനു ഗവേഷക-കർഷക കൂട്ടായ്മ പ്രവർത്തനം തുടങ്ങുന്നു
1279004
Sunday, March 19, 2023 1:11 AM IST
കൽപ്പറ്റ: ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷം നിരീക്ഷിക്കുന്നതിനും വിവരശേഖരണത്തിനും ഗവേഷക-കർഷക കൂട്ടായ്മ പ്രവർത്തനം തുടങ്ങുന്നു. ലെൻസ് വന്യജീവി നിരീക്ഷണ സംവിധാനം എന്ന പേരിലാണ് കൂട്ടായ്മ പ്രവർത്തിക്കുക.
മനുഷ്യ-വന്യജീവി സംഘർഷം സംബന്ധിച്ചു ജനപങ്കാളിത്തത്തോടെ വിവരശേഖരണം നടത്തി കൃത്യമായ ഡാറ്റ ബേസ് ഉണ്ടാക്കുകയാണ് കൂട്ടായ്മ ലക്ഷ്യമെന്ന് ലെൻസ് ചെയർമാൻ ടി.സി. ജോസഫ്, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ സി.പി. വർഗീസ്, എം.പി. ഗംഗാധരൻ, കെ. മനോജ്കുമാർ, ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, റിസർച്ച് അസിസ്റ്റന്റ് കെ.ആർ. ബാബുജി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നിരീക്ഷണ സംവിധാനം ലോഞ്ചിംഗ് ഏപ്രിൽ 18ന് നടത്തും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നു തെരഞ്ഞെടുത്ത കർഷകരാണ് വിവരശേഖരണം നടത്തുക. ആദ്യഘട്ടത്തിൽ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും നാലു പേരെയാണ് വിവരശേഖരത്തിനു നിയോഗിക്കുക. പിന്നീട് പങ്കാളിത്തം വർധിപ്പിക്കും. വിവരങ്ങളുടെ ക്രോഡീകരണത്തിനും വിശകലനത്തിനുള്ള സാങ്കേതിക സഹായം ഹ്യൂം സെന്റർ നൽകും. മനുഷ്യരുമായി സംഘർഷത്തിലേർപ്പെടുന്ന വന്യജീവികൾ, ഓരോ പ്രദേശത്തെയും സംഘർഷത്തിന്റെ തോത്, കാരണം, നഷ്ടങ്ങൾ, നഷ്ടപരിഹാര ലഭ്യത തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. ഇവ വിശകലനം ചെയ്ത് പരിഹാര നിർദേശങ്ങൾ സഹിതം ആറു മാസം ഇടവിട്ട് തദ്ദേശ സ്ഥാപനങ്ങൾക്കും വിവിധ വകുപ്പുകൾക്കും സംസ്ഥാന സർക്കാരിനും ലഭ്യമാക്കും. വിവരങ്ങൾ മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിനു ഓരോ പ്രദേശത്തിനും യോജിച്ച പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ ഉത്തരവാദപ്പെട്ടവർക്ക് ഉപയോഗപ്പെടുത്താനാകും. പഞ്ചായത്ത്, ജില്ലാതലത്തിൽ ശിൽപശാലകൾ നടത്തിയാണ് പൊതുജനങ്ങൾക്കു വിവരം ലഭ്യമാക്കുക.