ഇഞ്ചികൃഷി രോഗവ്യാപനം; കൃഷിയിടങ്ങൾ വിദഗ്ധ സംഘം സന്ദർശിച്ചു
1578013
Tuesday, July 22, 2025 5:23 AM IST
കൽപ്പറ്റ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ രോഗവ്യാപനമുള്ള ജില്ലയിലെ ഇഞ്ചി കൃഷിയിടങ്ങളിൽ വിദഗ്ധ സംഘം സന്ദർശനം നടത്തി. മൾട്ടി ഡിസിപ്ലിനറി ഡയഗ്നോസ്റ്റിക് സംഘമാണ് കൃഷിയിടങ്ങൾ സന്ദർശിച്ചത്. ഇഞ്ചി കൃഷിയിൽ വ്യാപകമായി വരുന്ന കുമിൾമൂലം ഉണ്ടാവുന്ന ഇലകരിച്ചിൽ (പെർകുലേറിയ) ബാധിച്ച കൃഷിയിടങ്ങളിലാണ് എം.ഡി.ഡി.റ്റി ടീം പരിശോധന നടത്തിയത്.
കാറ്റിലൂടെയും രാത്രിയിലെ കുറഞ്ഞ താപനില, കൂടിയ അന്തരീക്ഷ ആർദ്രത, മഞ്ഞ് എന്നിവയിലൂടെയാണ് പെട്ടന്നുള്ള രോഗവ്യാപനത്തിന് കാരണമാകുന്നത്. ഇഞ്ചിയുടെ നടീൽ സമയത്ത് മുൻകരുതലായി സ്യൂഡോമോണാസ് ഫ്ളൂറസെൻസെന്ന ജൈവ കുമിൾ നാശിനി (1 ലിറ്റർ വെള്ളത്തിൽ 20 ഗ്രാം എന്ന അളവിൽ) മണ്ണിൽ ചേർത്ത് കൊടുക്കൽ, തോട്ടത്തിൽ നീർവാർച്ചയുണ്ടെന്ന് ഉറപ്പാക്കൽ, കുമ്മായം, വളം എന്നിവ ചേർക്കൽ, രോഗ ബാധയുള്ള ചെടിയുടെ ഭാഗങ്ങൾ യഥാസമയം നീക്കെം ചെയ്യൽ എന്നിവ ഉറപ്പാക്കണം.
ഇഞ്ചി തോട്ടങ്ങളിൽ രോഗലക്ഷണങ്ങൾ കണ്ട് തുടങ്ങിയാൽ കുമിൾ നാശിനി ചെടികളിൽ തളിക്കണം. പരിശോധനയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻചാർജ് കെ.ബിന്ദു, കൃഷി ഡെപ്യൂട്ടി ഡയറക്ടർ കെ.കെ രാമുണ്ണി, കൃഷി വിജ്ഞാൻ കേന്ദ്രം മേധാവി ഡോ. വി.പി രാജൻ,അന്പലവയൽആർ.എ.ആർ.എസ് അസിസ്റ്റന്റ് പ്രൊഫസർ ഡോ എൻ.പി ലിഷ്മ, ജില്ലാ പ്ലാന്റ് ഹെൽത്ത് മാനേജർ അനുശ്രീ മോഹൻ,കൃഷിഭവൻ ഉദ്യോഗസ്ഥർ നേതൃത്വം നൽകി.