വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ചു
1578009
Tuesday, July 22, 2025 5:23 AM IST
കൽപ്പറ്റ: വി.എസ്. അച്യുതാനന്ദന്റെ നിര്യാണത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അനുശോചിച്ചു. വയനാടിന്റെയും പോരാട്ട നായകനായിരുന്നു. കർഷക കർഷകതൊളിലാളി പ്രക്ഷോഭങ്ങളുടെ നേതൃത്വമായി ജില്ലയിൽ പലതവണയെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായിരിക്കെ വയനാടിന്റെ പ്രശ്നങ്ങളിൽ നിരന്തരം ഇടപെട്ടു.
കൃഷിനാശത്തിലും വിലയിടിവിലും കാർഷിക മേഖല തകർന്ന നാളുകളിൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വമായി. വരൾച്ചയും കർഷക ആത്മഹത്യയും അതിരൂക്ഷമായ 2005 ൽ പുൽപ്പള്ളി മേഖല സന്ദർശിച്ച് വിഷയം നിയമസഭയിൽ ഉയർത്തി. മുഖ്യമന്ത്രിയായപ്പോൾ കാർഷിക കടാശ്വാസ കമീഷൻ രൂപീകരിച്ച് കർഷകരെ ആത്മഹത്യയിൽനിന്ന് കരകയറ്റി. ആദിവാസി ഭൂസമരങ്ങൾക്ക് പിന്തുണ നൽകി.
ഭൂസമരകേന്ദ്രങ്ങൾ സന്ദർശിച്ചു. വിഎസ് മുഖ്യമന്ത്രിയായിരിക്കെ വനവാകാശ നിയമപ്രകാരം അയ്യായിരം ആദിവാസികൾക്ക് ഭൂമി നൽകി. പൂക്കോട് വെറ്ററിനറി സർവകലാശാല സ്ഥാപിക്കുന്നതിനുള്ള ആക്ട് പാസാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി വികസന പദ്ധതികളും ജില്ലയ്ക്കായി നടപ്പാക്കിയെന്നും ജില്ലാ കമ്മിറ്റി അനുശോചനക്കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നായകൻ: കെ.ജെ. ദേവസ്യ
സുൽത്താൻ ബത്തേരി: ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നായകനായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് കേരള കോണ്ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ.
കമ്മ്യൂണിസ്റ്റുകാരുടെ മാത്രമല്ല ഇല്ലായ്മയെ അടുത്തറിഞ്ഞും മുതലാളിത്തത്തിന്റെ കടന്നുകയറ്റത്തിനെതിരേ പ്രതികരിക്കുകയും ചെയ്ത ധീര സഖാവായിരുന്നു. വിഎസിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കെ.ജെ. ദേവസ്യ പറഞ്ഞു.