കാട്ടാനാക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കൊളപ്പള്ളിയിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു
1578229
Wednesday, July 23, 2025 5:54 AM IST
പന്തല്ലൂർ: ചേരങ്കോട് ഗ്രാമ പഞ്ചായത്തിലെ അമ്മങ്കാവിൽ കാട്ടാനആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കൊളപ്പള്ളി ടൗണിൽ നാട്ടുകാർ റോഡ് ഉപരോധിച്ചു.
കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് 1.30 വരെയാണ് സമരം നടത്തിയത്. സ്ത്രീകൾ ഉൾപ്പെടെ നൂറുക്കണക്കിന് പേർ സമരത്തിൽ പങ്കെടുത്തു.
വിവരമറിഞ്ഞ് ദേവാല ഡിവൈഎസ്പി ജയപാൽ, എസിഎഫ്, പന്തല്ലൂർ തഹസിൽദാർ സിറാജുന്നീസ, ഗൂഡല്ലൂർ എംഎൽഎ പൊൻ ജയശീലൻ, മുൻ എംഎൽഎ എം. ദ്രാവിഡമണി, ബിദർക്കാട് റേഞ്ചർ രവി തുടങ്ങിയവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. പ്രശ്നത്തിന് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് ഉച്ചയോടെ സമരം അവസാനിപ്പിച്ചത്.
കൊളപ്പള്ളിയിൽ മൂന്നര മണിക്കൂർ വാഹന ഗതാഗതം തടസപ്പെട്ടു. റോഡിന്റെ ഇരുഭാഗങ്ങളിലും ധാരാളം വാഹനങ്ങൾ കുടുങ്ങി കിടന്നിരുന്നു. വനാതിർത്തിയിൽ കിടങ്ങ് നിർമിക്കുകയും സോളാർ വേലി സ്ഥാപിക്കുകയും ചെയ്യും, പത്ത് ലക്ഷം രൂപ നഷ്ട പരിഹാരം നൽകും, കാട്ടാനയെ വനത്തിലേക്ക് തുരത്തും തുടങ്ങിയ കാര്യങ്ങളാണ് സമരക്കാർക്ക് അധികാരികൾ ഉറപ്പ് നൽകിയത്.
അതേസമയം പ്രതിഷേധം തണുപ്പിക്കാനും പൊതുജനങ്ങളുടെ കണ്ണിൽ പൊടിയിടാനുമുള്ള അധികാരികളുടെ തന്ത്രമാണിതെന്നാണ് ജനങ്ങൾ ആരോപിക്കുന്നത്.