കോഴികൊല്ലി നാരങ്ങാക്കടവിൽ കോണ്‍ക്രീറ്റ് പാലം നിർമിക്കുന്നു
1578230
Wednesday, July 23, 2025 5:54 AM IST
ഗൂഡല്ലൂർ: നെല്ലിയാളം നഗരസഭയിലെ കോഴികൊല്ലി നാരങ്ങാക്കടവിൽ കോണ്‍ക്രീറ്റ് പാലം നിർമിക്കും. കഴിഞ്ഞ ദിവസം ആർഡിഒ ഓഫീസിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം.
30 ലക്ഷം രൂപ ചെലവിലാണ് പാലം പണിയുക. നാരങ്ങാക്കടവ് പാലം കഴിഞ്ഞവർഷം കനത്ത മഴയിൽ ഒലിച്ചു പോയിരുന്നു. പകരം പാലം നിർമിക്കുന്നതിന് നാട്ടുകാർ സമ്മർദം ചെലുത്തിയപ്പോൾ ഇരുന്പുപാലം നിർമിക്കാൻ വനം വകുപ്പ് തീരുമാനിക്കുകയും പ്രവൃത്തി ആരംഭിക്കുകയും ചെയ്തു.
ഇരുന്പുപാലം നിർമിക്കുന്നതിനെതിരേ നാട്ടുകാർ സിപിഎമ്മിന്റെ നേതൃത്വത്തിൽ നഗരസഭാകാര്യാലയത്തിനു മുന്പിൽ സമരം നടത്തി. ഈ പശ്ചാത്തലത്തിൽ ചേർന്ന യോഗത്തിലാണ് കോണ്‍ക്രീറ്റ് പാലം നിർമിക്കാൻ തീരുമാനമായത്.
ആർഡിഒ ഗുണശേഖരന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡിഎഫ്ഒ വെങ്കിടേഷ് പ്രഭു, മുൻ എംഎൽഎ എം. ദ്രാവിഡമണി, വാർഡ് കൗണ്‍സിലർ ഭുവനേശ്വരൻ, എൻ. വാസു, രമേശ്, അസൈൻ, ഷാജി, രവികുമാർ, സുബൈർ, ഷംസുദ്ദീൻ, സുലൈമാൻ, കുഞ്ഞലവി, ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.