ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു
1578231
Wednesday, July 23, 2025 6:01 AM IST
സുൽത്താൻ ബത്തേരി: ശക്തമായ മഴയിൽ വീട് ഭാഗികമായി തകർന്നു. നൂൽപ്പുഴ മാറോട് ശശിധരന്റെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം. ശശിധരന്റെ വീടിന്റെ അടുക്കളഭാഗം ശക്തമായ മഴയിൽ തകർന്നുവീഴുകയായിരുന്നു.
ചിമ്മിനിയടക്കമുള്ള ഭാഗമാണ് വലിയ ശബ്ദത്തോടെ തകർന്ന് വീണത്. ഈസമയം വീട്ടിലുണ്ടായിരുന്ന ശശിധരനും ഭാര്യയും മക്കളും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. നിരവധി സാധനങ്ങൾ തകർന്നുവീണ അവശിഷ്ടങ്ങൾക്കടിയിലായി.
അടുക്കള തകർന്നതോടെ വീടിനുപുറത്താണ് ഭക്ഷണം പാകംചെയ്യുന്നത്. ചിമ്മിനി തകർന്നതോടെ വീടിന്റെ മറ്റ് ഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ഇരുപത്തിമൂന്ന് വർഷം പഴക്കമുളള വീടാണ് മഴയിൽ തകർന്നത്. വീട്ടിൽ താമസിക്കാൻ പറ്റാത്ത സാഹചര്യമാണെന്നും പുതിയ വീട് അനുവദിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.