പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗത്തിന് പരിക്കേറ്റു
1578011
Tuesday, July 22, 2025 5:23 AM IST
സുൽത്താൻ ബത്തേരി: നെൻമേനി പഞ്ചായത്തിലെ ചീരാലിൽ വീണ്ടും പുലിയുടെ ആക്രമണം. കരിങ്കാളികുന്നിൽ കുറ്റിപ്പുറത്ത് രാധാകൃഷ്ണന്റെ നായയെയാണ് ഞായറാഴ്ച രാത്രി പുലി ആക്രമിച്ച് പരിക്കേൽപ്പിച്ചത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ കരിങ്കാളിക്കുന്നിൽ മാത്രം മൂന്നാമത്തെ വളർത്തുമൃഗത്തെയാണ് പുലി ആക്രമിച്ചത്. രാത്രി പതിനൊന്നോടെ വീടിനുസമീപത്തെ നായക്കൂട്ടിൽ നിന്ന് കരച്ചിൽ കേട്ടു. ഈസമയം വീട്ടുകാർ ഉണർന്ന് ലൈറ്റിട്ട് നോക്കിയപ്പോൾ പുലി ഇരുളിലേക്ക് മറയുന്നതാണ് കണ്ടത്. പിന്നീട് നായയെ പരിശോധിച്ചപ്പോൾ കഴുത്തിൽ വലിയ മുറിവ് കണ്ടെത്തി. പിന്നീട് ഡോക്ടറെ കാണിച്ച് പത്ത് തുന്നലിടേണ്ടിയും വന്നു.
ചീരാൽ നന്പ്യാർകുന്ന് മേഖലകളിൽ കഴിഞ്ഞ നാല് മാസത്തിനിടെ പതിനഞ്ച് വളർത്തുമൃഗങ്ങളാണ് പുലിയുടെ ആക്രമണത്തിനിരയായത്. ഇതിൽ നാല് പശുക്കിടാവും ആറ് ആടും അഞ്ച് വളർത്തുനായ്ക്കളും ഉൾപ്പെടും. ഇവയ്ക്ക് പുറമെയാണ് തെരുവ് നായ്ക്കളെ പുലി പിടികൂടിയത്.
മേഖലയിൽ രണ്ട് പുലികളെ പിടികൂടിയെങ്കിലും മാസങ്ങളായി ചീരാൽ മേഖലയിൽ തുടർന്നുവരുന്ന പുലി ശല്യത്തിന് ഇപ്പോഴും മാറ്റമുണ്ടായിട്ടില്ല. പുലിയുടെ സാന്നിധ്യം മേഖലയിൽ സ്ഥിരമായതോടെ കരിങ്കാളികുന്നിൽ പുലിക്കായി കൂട് സ്ഥാപിച്ചു. എന്നാൽ പുലി കൂട്ടിൽ അകപ്പെട്ടില്ല. പുലിയെ ഭയന്ന് ജനങ്ങൾ തോട്ടങ്ങളിലെ ജോലി പോലും ഉപേക്ഷിച്ചു. ക്ഷീരമേഖലയിലെ കർഷകർ സൊസൈറ്റികളിൽ രാവിലെ പാൽ അളക്കാൻ പോകുതും ഭീതിയോടെയാണ്.
ജനവാസമേഖലയിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീക്ഷണിയായി തീർന്ന പുലികളെ കൂട് വച്ച് പിടികൂടാൻ കാത്ത് നിൽക്കാതെ മയക്കുവെടി വച്ച് പിടികൂടണമെന്നാണ് ജനങ്ങളുടെ ആവശ്യം. മേപ്പാടി റേഞ്ചിലേയും തോട്ടാമൂല ഫോറസ്റ്റ് സെക്ഷന് കീഴിലുമുള്ള വനപാലകരും സ്ഥലത്ത്് ക്യാന്പ് ചെയ്ത് പട്രോളിംഗ് നടത്തുന്നുണ്ട്.
ഐശ്വര്യക്കവലയിൽ കടുവ പശുക്കിടാവിനെ കൊന്നു
പുൽപ്പള്ളി: സീതാമൗണ്ട് ഐശ്വര്യക്കവലയിൽ പശുക്കിടാവിനെ കടുവ കൊന്നു. മാടത്താനി അമ്മിണിയുടെ രണ്ട് വയസ് പ്രായമുള്ള പശുക്കിടാവാണ് കടുവയ്ക്കിരയായത്. ഇന്നലെ വൈകുന്നേരം 4.30 ഓടെയാണ് സംഭവം. വീടിന് സമീപത്തെ റോഡരികിൽ പുല്ലുതീറ്റുന്നതിനായി കെട്ടിയിട്ട പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്.

പശുക്കിടാവിന്റെ കരച്ചിൽകേട്ട് നാട്ടുകാരെത്തിയപ്പോൾ കടുവ പശുക്കിടാവിനെ കടിച്ചുവലിച്ച് തൊട്ടടുത്ത കന്നാരംപുഴയോരത്തെ കൃഷിയിടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടർന്ന് നാട്ടുകാർ ബഹളമുണ്ടാക്കിയതോടെ പശുക്കിടാവിന്റെ ജഡം ഉപേക്ഷിച്ച് കടുവ സമീപത്തെ കൃഷിയിടത്തിലേക്ക് ഓടിമറഞ്ഞു.
വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രദേശത്ത് തെരച്ചിൽ നടത്തി. കടുവ വീണ്ടും വരാനിടയുള്ളതിനാൽ എത്രയും വേഗം കൂട് സ്ഥാപിച്ച് കടുവയെ പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചതിനെ തുടർന്ന് പുൽപ്പള്ളിയിൽനിന്നും പോലീസും സ്ഥലത്തെത്തിയിരുന്നു. പശുക്കിടാവിന്റെ ഉടമയ്ക്ക് വെറ്ററിനറി ഡോക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കർണാടക വനത്തോട് ചേർന്ന പ്രദേശത്താണ് പശുക്കിടാവിനുനേരെ കടുവയുടെ ആക്രമണമുണ്ടായത്. കർണാടക വനത്തിൽ നിന്നും ജനവാസ മേഖലയിലേക്ക് കടുവയിറങ്ങുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു.