നെൻമേനി ശുദ്ധജല വിതരണ സൊസൈറ്റിയെപ്പറ്റി പഠിക്കാൻ വിദേശികൾ
1578227
Wednesday, July 23, 2025 5:54 AM IST
സുൽത്താൻ ബത്തേരി: മാതൃകാ ജനകീയ പദ്ധതിയായ നെൻമേനി ശുദ്ധജല വിതരണ പദ്ധതിയെപ്പറ്റി പഠിക്കുന്നതിനായി 29 വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ നെൻമേനിയിലെത്തി.
ഇവർ പദ്ധതിയെപ്പറ്റി പഠനം നടത്തുകയും ഗ്രാമീണ ജനങ്ങളുമായി ആശയവിനിമയം നടത്തുകയും പദ്ധതി മാതൃക പദ്ധതിയാണെന്ന് വിലയിരുത്തുകയും ചെയ്തതായി സൊസൈറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കേരള വാട്ടർ അതോറിറ്റിയുടെ കീഴിലുണ്ടായിരുന്ന പദ്ധതി 2005ൽ ജലനിധി പദ്ധതിയുടെ ഭാഗമായി. 2007ൽ ജനകീയ സമിതിയായ നെൻമേനി ശുദ്ധജല വിതരണ സൊസൈറ്റിയെ ഏൽപ്പിച്ചു.
389 ഹൗസ് കണക്ഷനും 253 പൊതുടാപ്പും ഉണ്ടായിരുന്ന പദ്ധതി സൊസൈറ്റിയുടെ കീഴിലേക്ക് മാറിയപ്പോഴേക്കും 5065 കണക്ഷനും 53 പൊതുടാപ്പും എന്ന നിലയിലേയ്ക്ക് മാറി. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പലവിധകാരണങ്ങളാൽ ജല വിതരണം മുടങ്ങിയത് 82 ദിവസം മാത്രമാണ്.ജനകീയ സമിതിയുടെ നേതൃത്വത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന ശുദ്ധജല വിതരണ പദ്ധതിയിൽ ഒരു ദിവസം വേണ്ടി വരുന്നത് 16 ലക്ഷം ലിറ്റർ വെള്ളമാണ്.
ചീരാൽ വില്ലേജിലെ മുഴുവൻ പ്രദേശങ്ങളിലെയും മലവയൽ മുതൽ മലങ്കര, പാലക്കുനിവരെയുള്ള പ്രദേശങ്ങളിലുമാണ് ജലവിതരണം നടത്തുന്നത്. നിലവിലുള്ള കണക്ഷന് പുറമേ ഇനിയും ആയിരം പേർക്കുകൂടി കണക്ഷൻ നൽകാനുള്ള കപ്പാസിറ്റിയാണുള്ളത്. ജനകീയ സൊസൈറ്റിയുടെ കീഴിലുള്ള ഈ സ്ഥാപനം പാലിയേറ്റീവ് പ്രവർത്തന രംഗത്തും സജീവമായി പ്രവർത്തിക്കുന്നു.
മേഖലയിലെ കിടപ്പ് രോഗികളായ 20 പേർക്ക് മാസം തോറും ആയിരം രൂപ വീതം നൽകുകയും ചെയ്യുന്നുണ്ട്. വാർത്താസമ്മേളനത്തിൽ ട്രൈബൽ ഡെവലപ്പ്മെന്റ് സ്പെഷലിസ്റ്റ് എ. യോഹന്നാൻ, നെൻമേനി ശുദ്ധജല വിതരണ സൊസൈറ്റി പ്രസിഡന്റ് പി.എം. കുര്യാക്കോസ്, ഉപദേശക സമിതി അംഗം പി.കെ. കുര്യൻ, എക്സിക്യുട്ടീവ് അംഗങ്ങളായ ബിജു, പി.സി. വിജയകുമാർ എന്നിവർ പങ്കെടുത്തു.