ഗവ.മെഡിക്കൽ കോളജ് ആശുപത്രി : കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കുന്നതിന് കത്ത് നൽകി
1577661
Monday, July 21, 2025 6:07 AM IST
മാനന്തവാടി: ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐപി, ഒപി വിഭാഗം കെട്ടിടങ്ങളുടെ ചോർച്ച പരിഹരിക്കുന്നതിനും ശുചിമുറികളുടെ നവീകരണം, ഐസി യൂണിറ്റ്, ഓപ്പറേഷൻ തീയേറ്റർ അറ്റകുറ്റപ്പണി എന്നിവ അടിയന്തരമായി നടത്താൻ പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന് കത്ത് നൽകിയതായി സൂപ്രണ്ട് അറിയിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗം (സ്പെഷൽ ബിൽഡിംഗ്) നേരിട്ടാണ് കെട്ടിടങ്ങളുടെ പ്രവൃത്തികളും അറ്റകുറ്റപ്പണികളും ചെയ്യേണ്ടത്.
ആശുപത്രിയിലെ സിടി സ്കാൻ യന്ത്രം പരിഹരിക്കാൻ കഴിയാത്തവിധം തകരാറിലായതിനാൽ പുതിയത് വാങ്ങാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പുതിയ യന്ത്രം വരുന്നതുവരെ നല്ലൂർനാട് ഗവ.കാൻസർ ആശുപത്രിയിലെ സിടി സ്കാൻ സൗകര്യം ഉപയോഗപ്പെടുത്തും. ആശുപത്രിയിൽ 41 ഡോക്ടർമാരുടെ സേവനം ലഭ്യമാണ്.
മൂന്ന് ഡോക്ടർമാർ ജോലി ക്രമീകരണ വ്യവസ്ഥയിൽ തുടരുന്നുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗത്തിൽ രണ്ട് ഡോക്ടർമാരുടെ മുഴുവൻ സമയ സേവനവും അത്യാവശ്യ ഘട്ടങ്ങളിൽ സ്പെഷാലിറ്റി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.
2021 ഫെബ്രുവരിയിൽ മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കൽ കോളജ് ആശുപത്രിയാക്കി ഉയർത്തിയശേഷം ഇവിടെ ചികിത്സക്കെത്തുന്ന രോഗികളുടെ എണം ഗണ്യമായി വർധിച്ചു.2020ൽ ജില്ലാ ആശുപത്രിയായിരുന്നപ്പോൾ ഒപി, ഐപി വിഭാഗങ്ങളിൽ 2,70,416 പേരാണ് ചികിത്സ നേടിയത്. കഴിഞ്ഞ വർഷം 6,83,914 പേർ ചികിത്സയ്ക്കെത്തി. ആശുപത്രിയിലെ 11 വാഹനങ്ങളും പ്രവർത്തന സജ്ജമാണെന്നും സൂപ്രണ്ട് പറഞ്ഞു.