വൈഎംസിഎ ഡയാലിസിസ് സഹായധന പ്രോജക്ട് ഉദ്ഘാടനം ചെയ്തു
1578006
Tuesday, July 22, 2025 5:23 AM IST
പുൽപ്പള്ളി: നാഷണൽ വൈഎംസിഎയും പുൽപ്പള്ളി വൈഎംസിഎ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഡയാലിസിസ് രോഗികൾക്കുള്ള ചികിത്സ സഹായം നൽകുന്ന പദ്ധതിയായ ഡയാലിസിസ് സഹായ ധനപ്രോജക്ട് ഉദ്ഘാടനം ചെയ്തു.
വൈഎംസിഎ ഓഡിറ്റോറിയത്തിൽ നടന്ന കുടുംബ പ്രാർത്ഥന കൂട്ടായ്മയിൽ കേരള റീജിയൻ വൈസ് ചെയർമാൻ കുര്യൻ തൂന്പുങ്കൽ പ്രോജക്ട് കോഓർഡിനേറ്റർ ഷിനോജ് കണ്ണന്പള്ളിക്ക് രോഗികൾക്കുള്ള കൂപ്പണ്‍ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഒരു ഡയാലിസിസിന് ആയിരം രൂപ നൽകുന്നതിൽ 500 രൂപ നാഷണലും ബാക്കി 500 രൂപ പുൽപ്പള്ളി യൂണിറ്റുമാണ് വഹിക്കുന്നത്. അഞ്ച് രോഗികൾക്ക് ആഴ്ചയിൽ മൂന്നു വീതം മാസത്തിൽ 60 ഓളം ഡയാലിസിസിനാണ് സഹായം നൽകുന്നത്.
ജൂലൈ ഒന്നു മുതലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. വൈഎംസിഎ പുൽപ്പള്ളി യൂണിറ്റ് പ്രസിഡന്റ് തോമസ് ഒറ്റക്കുന്നേൽ അധ്യക്ഷത വഹിച്ചു. കൃപാലയ സ്പെഷൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആൻസിന, വൈഎംസിഎ വൈത്തിരി പ്രോജക്ട് ചെയർമാൻ ബിജു തിണ്ടിയത്ത്, സെക്രട്ടറി നോബി പള്ളിത്തറ, പ്രോജക്ട് കമ്മിറ്റി അംഗം ബെന്നി അമരികാട്ട്, ട്രഷറർ ലിയോ പിഡിസി എന്നിവർ പ്രസംഗിച്ചു.