വൈദ്യുത ലൈൻ ഭീഷണിയാകുന്നു
1577667
Monday, July 21, 2025 6:07 AM IST
സുൽത്താൻ ബത്തേരി: കാൽനടയാത്രക്കാർക്കും കർഷകർക്കും ഭീഷണിയായി മരത്തിനിടയിലൂടെയും താഴ്ന്നും കിടക്കുന്ന വൈദ്യുത ലൈൻ. സുൽത്താൻ ബത്തേരി തൊടുവട്ടിലിയാണ് വൈദ്യുത ലൈൻ അപകട ഭീഷണിയിലുള്ളത്. തൊടുവട്ടി ട്രാൻസ്ഫോർമറിൽ നിന്ന് ചെക്ക് ഡാമിനുമുകളിലുടെയാണ് താഴ്ന്നും മരത്തിനിടയിലൂടെയും വൈദ്യുത ലൈൻ കടന്നുപോകുന്നത്.
ചെക്ക് ഡാമിനും കുട്ടികൾ കളിക്കുന്ന ചെറിയ മൈതാനത്തിനും സമീപത്തായുള്ള മരത്തിന്റെ വൻ ശിഖരത്തിന് ഇടയിലൂടെയാണ് വൈദ്യുത ലൈൻ കടന്നുപോകുന്നത്. രണ്ട് കന്പികളും മരത്തിന്റെ ശിഖരങ്ങളിൽ തട്ടിയാണ് കടന്നുപോകുന്നതും. ശക്തമായ കാറ്റിലും മഴയിലും ശിഖരം പൊട്ടിവീണാൽ വൈദ്യുതിലൈൻ പൊട്ടിവീഴാനും അത് കൂടുതൽ അപകടങ്ങൾക്കും കാരണമായേക്കാം.
ചെക്ക് ഡാമിന്റെ മറുഭാഗത്ത് അപകടകരമാംവിധമാണ് ലൈനുകൾ താഴ്ന്ന് കിടക്കുന്നത്. കനാലിനുമുകളിൽ നിന്ന് കൈ എത്തുന്നതരത്തിലാണ് ഈ ഭാഗത്ത് ലൈനുകളുള്ളത്. ഇതുവഴി നടന്നുപോകുന്നവർ അശ്രദ്ധമായി കൈ മുകിളിലേക്ക് ഉയർത്തിയാൽ വൈദ്യുതി ലൈനിൽതട്ടി അപകടം സംഭവിച്ചേക്കാം. വൈദ്യുതി ലൈനുകൾ ഇത്തരത്തിൽ താഴ്ന്ന് കിടക്കുന്നത് സമീപത്തെ വയലുകളിൽ ജോലിചെയ്യുന്നവർക്കും ഭീഷണിയാണ്.
അപകടാവസ്ഥയിലായ ലൈനുകൾ മാറ്റുകയോ ഉയർത്തുകയോ ചെയ്യണമെന്ന് പ്രദേശവാസികൾ പലതവണ ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് ആരോപണം. അതിനാൽ അപകടങ്ങൾ സംഭവിക്കുന്നതിനുമുന്പേ വൈദ്യുത ലൈൻ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.