നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപം അനിവാര്യം: ടി. സിദ്ദിഖ് എംഎൽഎ
1578012
Tuesday, July 22, 2025 5:23 AM IST
കൽപ്പറ്റ: നാടിന്റെ വികസനത്തിന് സംരംഭ നിക്ഷേപങ്ങൾ അനിവാര്യമെന്ന് താലൂക്ക്തല നിക്ഷേപ സംഗമത്തിൽ ടി. സിദ്ദിഖ് എംഎൽഎ. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കൈനാട്ടി റോയൽ ക്രൗണിൽ നടത്തിയ വൈത്തിരി താലൂക്ക്തല നിക്ഷേപ സംഗമം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംരംഭകർ വ്യവസായ നിക്ഷേപ സാഹചര്യങ്ങൾ പ്രയോജനപ്പെടത്തി കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് മാതൃകയാവണം. സംസ്ഥനത്ത് സർക്കാർ നടപ്പാക്കിയ ഈസ് ഓഫ് ഡൂയിങ് ബിസിനസ് റേറ്റിംഗിന്റെ ഭാഗമായി ലൈസൻസിംഗ് നടപടികളിലെ ഇളവുകൾ, നിയമ ഭേദഗതി സംബന്ധിച്ച് സംരംഭകർക്ക് അറിവുണ്ടാവണം. തൊഴിൽ സാധ്യതകൾ വർധിപ്പിച്ച് ഉത്പാദന ക്ഷമതയിലും പ്രതിശീർഷ വരുമാനത്തിലും വളർച്ചയുണ്ടാക്കാൻ സംരംഭകർക്ക് കഴിയണം.
വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ ഉത്പാദന സേവന മേഖലകളിലെ സമഗ്ര പുരോഗതി, വ്യവസായ സംരംഭകരെ കണ്ടെത്തൽ, സംരംഭകർക്ക് പ്രചോദനവും മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ സാധിക്കണമെന്നും എംഎൽഎ പറഞ്ഞു. വൈത്തിരി താലൂക്കിൽ ഉത്പാദന മേഖലയിൽ 50 കോടി നിക്ഷേപം നടത്തിയ സംരംഭകനായ എം.ടി. സുധീഷിനെ എംഎൽഎ ആദരിച്ചു.
വ്യവസായ വകുപ്പ്, ബാങ്കുകൾ നടപ്പാക്കുന്ന വിവിധ പദ്ധതികൾ, വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾ, മലിനീകരണ നിയന്ത്രണ ബോർഡ് ക്ലിയറൻസ് തുടങ്ങിയ വിഷയങ്ങൾ താലൂക്ക്തല നിക്ഷേപ സംഗമത്തിൽ സംവദിച്ചു.
ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ബി. ഗോപകുമാർ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ ലീഡ് ബാങ്ക് മാനേജർ ടി.എം. മുരളീധരൻ, തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ജോമോൻ ജോർജ്, വൈത്തിരി താലൂക്ക് വ്യാവസായ ഓഫീസർ എൻ. അയ്യപ്പൻ, വ്യവസായ വികസന ഓഫീസർ ജി.എസ്. സ്മിത എന്നിവർ പ്രസംഗിച്ചു.