ലഹരിക്കെതിരേ പോരാട്ടം: രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ വാക്കത്തോണ്‍ നടത്തി
1593142
Saturday, September 20, 2025 5:17 AM IST
കൽപ്പറ്റ: ലഹരിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രൗഡ് കേരള വാക്കത്തോണ്‍ നടത്തി. വാക്ക് എഗെൻസ്റ്റ് ഡ്രഗ്സ് എന്ന പേരിൽ നടത്തിയ പരിപാടി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. മുനിസിപ്പൽ ഓഫീസ് പരിസരത്ത് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. ലഹരിവസ്തുക്കളുടെ വിൽപ്പനയും ഉപഭോഗവും നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് കഴിയുന്നില്ലെന്നും ജനം രംഗത്തിറങ്ങേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഓരോ വീട്ടിൽനിന്നും ലഹരിക്കെതിരേ പ്രതിരോധം ആരംഭിക്കേണ്ടതുണ്ടെന്ന് ജാഥ നയിച്ച രമേശ് ചെന്നിത്തല പറഞ്ഞു. രാജ്യത്തെ നയിക്കേണ്ട അടുത്ത തലമുറ ഈയാംപാറ്റകളെപോലെ ലഹരിയിൽ വീണു നശിക്കുകയാണ്. വീടുകൾ കൊലക്കളങ്ങളായി മാറുകയാണ്. ഓരോ കുട്ടിയുടെയും സ്കൂൾ ബാഗ് ദിവസവും പരിശോധിക്കേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. കേരളം ഒരു കൊളംബിയ ആകാൻ അനുവദിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.
പുതിയ സ്റ്റാൻഡിൽ സമാപന സമ്മേളനത്തിൽ പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. രമേശ് ചെന്നിത്തല ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ, സജീവ് ജോസഫ്, പദ്മശ്രീ ചെറുവയൽ രാമൻ, കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല, രാഷ്ട്രീയകാര്യ സമിതി അംഗം പി.കെ. ജയലക്ഷ്മി, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, പ്രൗഡ് കേരള ചെയർമാൻ മലയിൻകീഴ് വേണുഗോപാൽ,
കെ.എൽ. പൗലോസ്, കെ.ഇ. വിനയൻ, പി.പി. ആലി, ടി.ജെ. ഐസക്, ഡി.പി. രാജശേഖരൻ, സംഷാദ് മരക്കാർ, എൻ.കെ. വർഗീസ്, സി. അബ്ദുൾ അഷ്റഫ്, എം.എ. ജോസഫ്, എ.എം. നിശാന്ത്, റസാഖ് കൽപ്പറ്റ, സിസ്റ്റർ സുജന, കെ.വി. പോക്കർ ഹാജി, പോൾസണ്‍ കൂവക്കൽ, ബി. സുരേഷ് ബാബു, ഇ.എ. ശങ്കരൻ, ഡോ. വത്സലൻ തുടങ്ങിയവർ വാക്കത്തോണിൽ അണിനിരന്നു.