വന്യമൃഗ സംഘർഷ പ്രതിരോധ പദ്ധതികൾ വിജയം കാണുന്നു
1593168
Saturday, September 20, 2025 6:25 AM IST
ക്രാഷ് ഗാർഡ് റോപ്പ് ഫെൻസിംഗ് സംസ്ഥാനത്ത് ആദ്യം
കൽപ്പറ്റ: ജില്ലയിൽ വന്യമൃഗ അക്രമണ പ്രതിരോധ പദ്ധതി വിജയം കാണുന്നു. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികളെ പ്രതിരോധിക്കാൻ മാനന്തവാടിയിലെ വിവിധ പ്രദേശങ്ങളിൽ 10 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളാണ് നടപ്പാക്കിയത്.
നിയോജക മണ്ഡലം എംഎൽഎയും പട്ടികജാതി-വർഗ-പിന്നാക്കക്ഷേമ മന്ത്രിയുമായ ഒ.ആർ. കേളുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപയും കിഫ്ബി ധനസഹായമായി എട്ട് കോടി രൂപയുമാണ് ഇതിനായി അനുവദിച്ചത്.
കൂടാതെ രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ നിന്നുള്ള സാന്പത്തിക സഹായത്തോടെയും പദ്ധതികൾ നടപ്പാക്കി. വന്യജീവി ആക്രമണം പ്രതിരോധിക്കുന്നതിനായി വിവിധ പ്രദേശങ്ങളിൽ സോളാർ തൂക്ക് വേലി നിർമാണം പൂർത്തിയായിട്ടുണ്ട്.
എംഎൽഎ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ട് കോടി രൂപ വിനിയോഗിച്ചാണ് തിരുനെല്ലി ഗ്രാമപ്പഞ്ചായത്തിലെ അരണപ്പാറ റേഷൻകട മുതൽ തോൽപ്പെട്ടി വരെയും മുത്തുമാരി മുതൽ ചാത്തനാട് വരെയും ഓലഞ്ചേരി മുതൽ കാപ്പിക്കണ്ടി വരെയും ഇരുന്പുപാലം മുതൽ കാപ്പിക്കണ്ടി വരെയും കാപ്പിക്കണ്ടി കാളിന്ദി ഉന്നതിവരെയും പാൽവെളിച്ചം മുതൽ ബാവലി വരെയും തവിഞ്ഞാൽ ഗ്രാമപ്പഞ്ചായത്തിലെ മേലെ വരയാൽ മുതൽ താരാബായി വരെയും പനമരം ഗ്രാമപ്പഞ്ചായത്തിലെ ദാസനക്കര മുതൽ കൂടൽക്കടവ് വരെയുമാണ് സോളാർ തൂക്ക് വേലിനിർമിച്ചത്.
കിഫ്ബി ധനസഹായമായ എട്ട് കോടി രൂപ വിനിയോഗിച്ച് പനമരം ഗ്രാമപ്പഞ്ചായത്തിലെ ദാസനക്കര മുതൽ നീർവാരം വരെയും മാനന്തവാടി നഗരസഭയിലെ കൂടൽക്കടവ് മുതൽ പാൽവെളിച്ചം വരെയും വന്യമൃഗ പ്രതിരോധ പ്രവർത്തികൾക്കായി ക്രാഷ് ഗാർഡ് റോപ് ഫെൻസിംഗ് സംവിധാനവും ഒരുക്കി.
സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കുന്ന പദ്ധതിയായതിനാൽ കിഫ്ബി നിർദേശ പ്രകാരം സാങ്കേതിക വിദഗ്ദരുടെ കമ്മിറ്റി രൂപീകരിച്ചാണ് ഈ പദ്ധതിക്ക് അനുമതി നൽകിയത്. വന്യമൃഗ സംഘർഷം നേരിടുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടേയും എംഎൽഎമാരുടേയും യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് ആദ്യഘട്ടത്തിൽ പാൽവെളിച്ചം മുതൽ കൂടൽക്കടവ് വരെ പദ്ധതി നടപ്പാക്കിയത്.
രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി പ്രകാരം വടക്കേ വയനാട്ടിലെ തച്ചറക്കൊല്ലിമുത്തുമാരി, അന്പലക്കണ്ടി രണ്ടാംപുഴ, പാണ്ടുരംഗ പ്രദേശങ്ങളിൽ സോളാർ തൂക്കുവേലി നിർമാണം അവസാന ഘട്ടത്തിലാണ്. ഭർഗരി തോൽപ്പെട്ടിയിൽ സോളാർ തൂക്കുവേലി നിർമാണം പൂർത്തിയാക്കിയിട്ടുണ്ട്. പായിമൂല ബാവലി ചെക്ക് പോസ്റ്റ്, 43-ാം മൈൽ, 44-ാം മൈൽ, റസ്സൽക്കുന്ന് കോളനിക്ക് ചുറ്റും, താരഭായി വിവേക് എസ്റ്റേറ്റ് എന്നിവിടങ്ങളിലും സോളാർ തൂക്കുവേലി നിർമാണം പൂർത്തിയായി.
മാനന്തവാടിയിൽ വനം വകുപ്പിന്റെ ദ്രുതകർമ സേനയ്ക്ക് വാഹനം വാങ്ങുന്നതിന് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് വന്യജീവി ആക്രമണം പ്രതിരോധിക്കാനുള്ള പദ്ധതികൾക്കായി മാനന്തവാടിയിൽ എംഎൽഎ ഫണ്ട് അനുവദിച്ചത്. ഇതിന്റെ ചുവടുപിടിച്ച് ഇപ്പോൾ സംസ്ഥാനത്ത് പലയിടത്തും ഇത്തരം പദ്ധതികൾ നടപ്പാക്കിവരികയാണ്.