ചീരാൽ മേഖലയിലെ കരടിശല്യം: കർഷകർ പ്രക്ഷോഭത്തിലേക്ക്
1593177
Saturday, September 20, 2025 6:25 AM IST
ചീരാൽ: രണ്ടാഴ്ചയിലധികമായി ഈസ്റ്റ് ചീരാൽ, വരിക്കേരി, പാട്ടത്തുകുന്ന്, കളന്നൂർകുന്ന് പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന കരടിശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് കർഷകർ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി ചേർന്ന യോഗം 17 അംഗ കമ്മിറ്റി രൂപീകരിച്ചു.
വന്യമൃഗങ്ങൾ ജനവാസകേന്ദ്രങ്ങളിൽ എത്തുന്നതു തടയുന്നതിൽ വനം വകുപ്പ് അനാസ്ഥ കാട്ടുകയാണെന്ന് യോഗം കുറ്റപ്പെടുത്തി. മുഴുവൻ അംഗങ്ങളെയും അറിയിക്കാതെയാണ് വനം അധികൃതർ ജനജാഗ്രതാസമിതി യോഗം വിളിക്കുന്നതെന്ന് ആരോപിച്ചു.
വാർഡ് അംഗം വി.എ. അഫ്സൽ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.എം. ജോയ്, എം.പി. രാജൻ, കെ. മുനീബ്, അനീഷ് ചീരാൽ, സുധീർ പണ്ടാരത്തിൽ, മണി പൊന്നോത്ത്, കെ. ജലീൽ, കെ.ഒ. ഷിബു, സൈനുദ്ദീൻ അരിപ്രാവൻ, ജമീല ചോലയ്ക്കൽ, സുന്ദരൻ അരായിക്കൽ എന്നിവർ പ്രസംഗിച്ചു.
അതിനിടെ, ചീരാൽ സാംസ്കാരിക നിലയത്തിൽ വനം അധികൃതർ വിളിച്ച ജനജാഗ്രതാസമിതി യോഗത്തിൽ കർഷക പ്രതിനിധികൾ പ്രതിഷേധിച്ചു. ഈസ്റ്റ് ചീരാൽ, പാട്ടത്തുകുന്ന്, കളന്നൂർ കുന്ന്, കരിങ്കാളിക്കുന്ന്, നന്പ്യാർകുന്ന് പ്രദേശങ്ങളിലെ കർഷക പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്.
വന്യജീവി പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കരടിയെ ഉടൻ പിടികൂടി ഉൾവനത്തിൽ വിടുമെന്നും വനാതിർത്തിയിലെ ട്രഞ്ചുകൾ ഒരുമാസത്തിനകം വൃത്തിയാക്കുമെന്നും വനം ഉദ്യോഗസ്ഥർ ഉറപ്പുനൽകിയതിനെത്തുടർന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.