പനമരം-ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ മന്ത്രി കേളു നിർദേശം നൽകി
1593169
Saturday, September 20, 2025 6:25 AM IST
കൽപ്പറ്റ: പനമരം-ചെറുപുഴ പാലം ഡിസംബറോടെ പൂർത്തീകരിക്കാൻ പട്ടികജാതി-വർഗ-പിന്നാക്ക ക്ഷേമ മന്ത്രി ഒ.ആർ. കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മാനന്തവാടി പൊതുമരാമത്ത് വിശ്രമ മന്ദിരം കോണ്‍ഫറൻസ് ഹാളിൽ വിളിച്ചു ചേർത്ത പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. നബാർഡ് ധനസഹായമായ 10 കോടി രൂപയാണ് ചെറുപുഴ പാലം നിർമാണത്തിന് വകയിരുത്തിയത്.
44 മീറ്റർ നീളവും 11 മീറ്റർ വീതിയും ഉള്ള പാലത്തിൽ 7.5 മീറ്റർ ടാറിംഗ് ഭാഗവും ഇരുവശങ്ങളിൽ നടപ്പാതയും ഉണ്ടായിരിക്കും. രണ്ട് ചുറ്റുമതിൽ കിണർ രൂപത്തിലുള്ള അടിത്തറയോട് കൂടിയും മധ്യത്തിൽ പിയർ ഓപ്പണ്‍ അടിത്തറയോട് കൂടിയുമാണ് നിർമാണം. സ്ലാബ് പ്രവൃത്തി പൂർത്തിയായി. ഹാൻഡ് റെയിൽ സ്ഥാപിക്കൽ പുരോഗമിക്കുകയാണ്.
പാലത്തിന്റെ ഇരുവശങ്ങളിലും ബീനാച്ചി ഭാഗത്തേക്കും പനമരം ഭാഗത്തേക്കും 100 മീറ്റർ വീതം അപ്രോച്ച് റോഡ് ഉൾപ്പെടുത്തിയാണ് നിർമാണം. ഇതോടൊപ്പം കോണ്‍ക്രീറ്റ് ഭിത്തി, ഗാബ്യോണ്‍ മതിൽ, ഡിആർ (ഡ്രൈ റബ്ബിൾ) സംരക്ഷണ ഭിത്തി എന്നിവയുടെ നിർമാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
ചെറുപുഴ പാലത്തിന്റെ അപ്രോച്ച് റോഡ് മുന്‍പ് വെള്ളം കയറി മൂടുന്ന അവസ്ഥ ഉണ്ടായിരുന്നെങ്കിലും പുതിയ പാലം നിർമാണത്തിൽ റോഡ് ഉയർത്തിപ്പണിയുന്നതിനാൽ വെള്ളപ്പൊക്ക ഭീഷണിയും ഒഴിവാകും. പനമരം-ബീനാച്ചി റോഡിന്റെ നിർമാണവും പുരോഗമിക്കുന്നുണ്ട്.