പള്ളിയാൽ ഉന്നതിക്ക് ശ്മശാനഭൂമിയുടെ രേഖ കൈമാറി
1593171
Saturday, September 20, 2025 6:25 AM IST
തരുവണ: ഗോത്രവിഭാഗത്തിന് താമസിക്കാൻ നേരത്തേ 22 സെന്റ് ഭൂമി ലഭ്യമാക്കിയ പള്ളിയാൽ കുടുംബം ശ്മശാനമായി ഉപയോഗിക്കുന്നതിന് 10 സെന്റ് ഭൂമികൂടി നൽകി.
ഭൂമിയുടെ രേഖ പള്ളിയാൽ ഉന്നതിയിലെ മുതിർന്ന അംഗം പാറ്റയ്ക്ക് കഴിഞ്ഞ ദിവസം കൈമാറി. തരുവണ സ്കൂൾക്കുന്നിനു സമീപം വീടുവയ്ക്കുന്നതിന് 22 സെന്റ് ഭൂമി പട്ടികവർഗ കുടുംബങ്ങൾക്ക് നൽകിയത് പള്ളിയാൽ പരേതനായ ആലി ഹാജിയാണ്. അദ്ദേഹത്തിന്റെ അനന്തരാവകാശികളാണ് നാലു കുടുംബങ്ങളിലായി 23 പേർ താമസിക്കുന്ന ഉന്നതിക്കടുത്ത് ശ്മശാനത്തിന് ഭൂമി വിട്ടുകൊടുത്തത്. പൊരുന്നന്നൂർ വില്ലേജിൽ റീസർവേ നന്പർ 240/17ൽ ഉൾപ്പെട്ടതാണ് ഈ സ്ഥലം.
രേഖ കൈമാറിയതോടെ സ്വന്തവും സുരക്ഷിതവും യോജിച്ചതുമായ ശ്മശാനഭൂമിയെന്ന ഉന്നതിയിലെ കുടുംബങ്ങളുടെ ആഗ്രഹം സഫലമായി.
രേഖ കൈമാറ്റത്തിനു ഉന്നതിയിൽ സംഘടിപ്പിച്ച ചടങ്ങ് വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം സീനത്ത് വൈശ്യൻ അധ്യക്ഷത വഹിച്ചു.
പള്ളിയാൽ നിസാർ രേഖ കൈമാറ്റം നിർവഹിച്ചു. കെ.സി.കെ. നജ്മുദ്ദീൻ, പി.സി. ഇബ്രാഹിം, കന്പ അബ്ദുള്ള, സി.പി. രാമചന്ദ്രൻ, സി. മമ്മുഹാജി എന്നിവർ പ്രസംഗിച്ചു.