സൗജന്യ കുടിവെള്ള കണക്ഷൻ: പദ്ധതിക്ക് കൽപ്പറ്റ നഗരസഭയിൽ നാളെ തുടക്കം
1593176
Saturday, September 20, 2025 6:25 AM IST
കൽപ്പറ്റ: കുടിവെള്ള കണക്ഷൻ നിലവിൽ ഇല്ലാത്ത മുഴുവൻ വിടുകളിലും സൗജന്യമായി ലഭ്യമാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ നഗരസഭ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ടി. സിദ്ദിഖ് എംഎൽഎ നിർവഹിക്കും.
മുനിസിപ്പൽ ചെയർമാൻ ടി.ജെ. ഐസക്, വൈസ് ചെയർപേഴ്സണ് സരോജിനി ഓടന്പത്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെയെംതൊടി മുജീബ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ആയിഷ പള്ളിയാൽ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് രാജാറാണി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് വിവരം.
പദ്ധതിക്ക് സ്റ്റേറ്റ് വാട്ടർ ആക്ഷൻ പ്ലാൻ മൂന്നിൽ അമൃത് 2.0ൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണവകുപ്പിൽനിന്നു 19.11 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതിക അനുമതിയും നഗരസഭയ്ക്ക് നേരത്തേ ലഭിച്ചിരുന്നു.
ആറുമാസത്തിനകം പൂർത്തിയാക്കുന്ന പദ്ധതിയിൽ 6,000 പുതിയ കണക്ഷനാണ് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 28 ഡിവിഷനുകളിലെയും കാലപ്പഴക്കമുള്ള പൈപ്പ് ലൈനുകൾ ഏകദേശം 65 കിലോമീറ്റർ നീളത്തിൽ മാറ്റി സ്ഥാപിക്കും.
നഗരത്തിലെ ഏറ്റവും ഉയർന്ന പ്രദേശമായ മൂവട്ടിക്കുന്നിൽ 7.5 കിലോമീറ്റർ നീളത്തിൽ വിതരണക്കുഴൽ സ്ഥാപിച്ചും അര ലക്ഷം ലിറ്റർ ശേഷിയിൽ സംഭരണി നിർമിച്ചും ജലവിതരണം സാധ്യമാക്കും.
മുട്ടിൽ പഞ്ചായത്തുമായി അതിർത്തി പങ്കിടുന്ന നഗരസഭാ പ്രദേശങ്ങൾ, റാട്ടക്കൊല്ലിമലയുടെ ഉൾപ്രദേശങ്ങൾ, പൊന്നട, നെടുനിലം പ്രദേശങ്ങൾ എന്നിവിടങ്ങളിലും ശുദ്ധജലമെത്തും.
കൽപ്പറ്റ ജലവിതരണ പദ്ധതിയുടെ ഭാഗവും 10 ദശലക്ഷം ലിറ്റർ ശേഷിയുള്ളതുമായ കാരാപ്പുഴ ജലശുദ്ധീകരണശാല,
ഗൂഡലായ് ബൂസ്റ്റർ പന്പിംഗ് സ്റ്റേഷൻ, കൽപ്പറ്റ റസ്റ്റ് ഹൗസ്, എമിലി, ഗൂഡലായിക്കുന്ന് എന്നിവിടങ്ങളിലെ ജലസംഭരണികളുടെ നവീകരണം, കാരാപ്പുഴയിലെ റോ വാട്ടർ പന്പിംഗ് സ്റ്റേഷൻ നവീകരണം, 270 എച്ച്പി സ്ഥാപിതശേഷിയുള്ള വെർട്ടിക്കൽ ടർബൈൻ മോട്ടോർ പന്പ് സെറ്റ് സ്ഥാപിക്കൽ, 11 കെവി ഇൻഡോർ സബ്സ്റ്റേഷൻ നവീകരണം എന്നിവയുംപദ്ധതിയുടെ ഭാഗമായി നടത്തും.