ശ്രീകണ്ഠപുരം: വീസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടികൾ തട്ടിയെടുത്തയാൾ ചെന്നൈയിൽ അറസ്റ്റിൽ. ചെന്പന്തൊട്ടി സ്വദേശി ജിനീഷ് ജോർജിന്റെ പരാതിയിൽ തിരുവന്തപുരം സ്വദേശി ജോസഫ് ഡാനിയേലാണ് (51) അറസ്റ്റിലായത്. ജിനീഷ് ജോർജിന്റെ ഭാര്യക്ക് അമേരിക്കയിൽ ജോലി വീസ വാഗ്ദാനം ചെയ്ത് കഴിഞ്ഞ മാർച്ച് മാസം നാലരലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
റൂറൽ എസ്പിയുടെ നിർദേശാനുസരണം തളിപ്പറന്പ് ഡിവൈഎസ്പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം ഇൻസ്പെക്ടർ രാജേഷ് മാര്യംഗലത്ത്, എസ്ഐ എം.വി. ഷീജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സജീവൻ, രജീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ ചെന്നൈയിൽ വച്ച് പിടികൂടിയത്. ജില്ലയിൽ തളിപ്പറമ്പ്, ഉളിക്കൽ,ഇരിട്ടി എന്നീ സ്റ്റേഷനുകളിലും കോഴിക്കോട് ,മലപ്പുറം, ഇടുക്കി,കൊല്ലം, പാലക്കാട് ജില്ലകളിലും ഇയാൾക്കെതിരേ വീസ തട്ടിപ്പ് കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു.