പരിസ്ഥിതി ദിനത്തിനുമുമ്പേ കോളിയടുക്കത്ത് മരങ്ങള്‍ക്ക് അംഗഛേദം
1300764
Wednesday, June 7, 2023 12:59 AM IST
കാസര്‍ഗോഡ്: കോളിയടുക്കം ബസ് സ്റ്റോപ്പിനു സമീപം കാലങ്ങളായി തണല്‍വിരിച്ചുനിന്ന രണ്ടു വന്മരങ്ങള്ക്ക് പരിസ്ഥിതി ദിനത്തിനുമുമ്പേ അംഗഛേദം. രണ്ടു മരങ്ങളുടെയും ഒന്നൊഴിയാതെ എല്ലാ ശാഖകളും വെട്ടിമാറ്റി തടി മാത്രമായി നിര്‍ത്തിയ നിലയിലാണ്.
അപകട സ്ഥിതിയിലുള്ള ശാഖകള്‍ വെട്ടിമാറ്റാന്‍ സ്വകാര്യ വ്യക്തിക്ക് പൊതുമരാമത്ത് വകുപ്പില്‍ നിന്ന് ലഭിച്ച വാക്കാല്‍ ഉള്ള അനുമതിയുടെ ബലത്തിലാണ് എല്ലാ ശാഖകളും വെട്ടിയതെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രദേശത്തെ ഏതാനും സാമൂഹ്യസംഘടനകള്‍ ജില്ലാ ഭരണകൂടത്തിനും വനംവകുപ്പിനും പരാതി നല്‍കിയിട്ടുണ്ട്.
ചെമ്മനാട് പഞ്ചായത്ത് ഓഫീസിന് 500 മീറ്റര്‍ മാത്രം അകലെ കോളിയടുക്കം-പൊന്നക്കായടുക്കം റോഡരികിലാണ് ഈ സ്ഥലം. തൊട്ടടുത്ത കടയുടെ ഉടമയാണ് മരങ്ങളുടെ കൊമ്പുകള്‍ മുറിക്കാന്‍ അനുമതി തേടിയത്. പഞ്ചായത്ത് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചതെന്ന് പറയപ്പെടുന്നു. കൊമ്പുകളെല്ലാം ഒറ്റയടിക്ക് വെട്ടിമാറ്റാന്‍ തുടങ്ങിയപ്പോഴാണ് സമീപവാസികള്‍ പോലും വിവരമറിയുന്നത്.
മുറിച്ചുമാറ്റിയ തടികളെല്ലാം തൊട്ടടുത്തുതന്നെ കൂട്ടിയിട്ടിരിക്കുകയാണ്. ഇവ ഇവിടെ നിന്ന് മാറ്റാനും ശ്രമങ്ങള്‍ നടന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
കാലങ്ങളായി ഇവിടെ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും വൈകുന്നേരങ്ങളില്‍ കാറ്റുകൊള്ളാനെത്തുന്നവര്ക്കുമെല്ലാം അഭയസ്ഥാനമായിരുന്നു ഈ മരങ്ങളുടെ തണല്‍. തൊട്ടടുത്ത കടയുടെ കാഴ്ചയ്ക്ക് തടസമാകുന്നതിന്റെ പേരിലാണ് ഇവ വെട്ടിമാറ്റാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. ഇനി അടുത്തൊന്നും നല്ല മഴ കിട്ടിയില്ലെങ്കില്‍ രണ്ടു മരങ്ങളും ഉണങ്ങിപ്പോകാനും സാധ്യതയുണ്ട്.
അനധികൃതമായി ശാഖകള്‍ വെട്ടിനീക്കിയതിനെതിരെ നടപടി വേണമെന്നും മരങ്ങളുടെ തുടര്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടാണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുള്ളത്.