ഒടുവിൽ മലന്തേനീച്ചകളുടെ കുത്തേറ്റ പതിനേഴുകാരൻ ജീവിതത്തിലേക്ക്
1300983
Thursday, June 8, 2023 12:49 AM IST
ബളാന്തോട്: അപകടകാരികളായ മലന്തേനീച്ചകളുടെ കുത്തേറ്റ 17 കാരന് മുഹമ്മദ് അഫ്സലിന് ഒരാഴ്ചത്തെ അഗ്നിപരീക്ഷയ്ക്കൊടുവില്‍ ജീവിതത്തിലേക്ക് തിരിച്ചുവരവ്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കൗമാരക്കാരനെ കഴിഞ്ഞദിവസം വീട്ടിലെത്തിച്ചു.
കഴിഞ്ഞ മേയ് 11 ന് പാണത്തൂര്‍ ചിറങ്കടവില്‍ വച്ചാണ് അഫ്സലിന് മലന്തേനീച്ചകളുടെ കുത്തേറ്റത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മാവിനു കല്ലെറിഞ്ഞപ്പോള്‍ അത് ദിശമാറി തേനീച്ചക്കൂട്ടില്‍ കൊള്ളുകയായിരുന്നു. അഫ്സല് മാത്രമാണ് തേനീച്ചകളുടെ ഇടയില്‍ പെട്ടുപോയത്. കുത്തുകളേറ്റ് ഓടി തൊട്ടടുത്ത ചെങ്കല്‍ ക്വാറിയിലെ ചെളിയില്‍ വീണുരുളുകയായിരുന്നു. ഓടിയെത്തിയ നാട്ടുകാര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് മംഗളൂരുവിലും എത്തിച്ചു.
എന്നാല്‍ മലന്തേനീച്ചകളുടെ വിഷത്തിനുള്ള പ്രതിവിഷം ഈ ആശുപത്രികളിലൊന്നും ഇല്ലായിരുന്നു. മറ്റു മരുന്നുകള്‍ മാറിമാറി നല്‍കിയാണ് ജീവന് നിലനിര്‍ത്തിയത്. 104 കുത്തുകളാണ് അഫ്സലിന്റെ ശരീരത്തില്‍ ഏറ്റിരുന്നത്. മംഗളൂരുവില്‍ എത്തിക്കുമ്പോഴേക്കും ബോധം മറഞ്ഞിരുന്നു. ഇടയ്ക്കിടെ രക്തം ഛര്‍ദിച്ചും ശ്വാസതടസം നേരിട്ടുമാണ് ഒരാഴ്ച കഴിഞ്ഞത്. ജീവന് തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നുതന്നെ ഡോക്ടര്‍മാര്‍ വിധിയെഴുതിയിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്കു ശേഷം നില മെല്ലെ മെച്ചപ്പെടുകയായിരുന്നു. വിഷത്തേനീച്ചകളുടെ ഇത്രയും കുത്തുകളേറ്റ ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന സംഭവങ്ങള്‍ വളരെ കുറവാണെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു. മലന്തേനീച്ചകളും കാട്ടുകടന്നലുകളുമടക്കമുള്ളവയുടെ കുത്തേറ്റാല്‍ അടിയന്തിരമായി പ്രയോഗിക്കേണ്ട മറുമരുന്നുകളൊന്നും തന്നെ ജില്ലയിലെ ആശുപത്രികളില്‍ ലഭ്യമല്ലെന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇവയുടെ ഭീഷണി നിലനില്‍ക്കുന്ന മലയോരമേഖലയിലെ പ്രധാന സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലെങ്കിലും ഇവയുടെ ലഭ്യത ഉറപ്പുവരുത്തിയാല്‍ അഫ്സല് കടന്നുപോയതുപോലുള്ള അഗ്നിപരീക്ഷകള്‍ ഒഴിവാക്കാനാകും. വിദേശത്ത് ജോലിചെയ്യുന്ന ബളാന്തോട് നാലുസെന്റ് കോളനിയിലെ അബ്ദുല്‍ ഗഫൂറിന്റെയും ഹസീനയുടെയും മകനാണ് അഫ്സൽ. മണ്‍കട്ട കൊണ്ട് നിര്‍മിച്ച് ഷീറ്റിട്ട വീട്ടിലാണ് രണ്ടു സഹോദരിമാര്‍ കൂടി അടങ്ങുന്ന കുടുംബം കഴിയുന്നത്. ഈ വീടിനും സ്ഥലത്തിനും സ്വന്തമായി പട്ടയം പോലും ലഭിച്ചിട്ടില്ല. മണ്ണും പൊടിയും മൂലം വീണ്ടും അണുബാധയുണ്ടാകാതിരിക്കാനായി അഫ്സലിനെ അടുത്തുള്ള ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.