ഓണം കഴിഞ്ഞു; സപ്ലൈകോ ഔട്ട്ലെറ്റുകൾ വീണ്ടും കാലിയായി
1338689
Wednesday, September 27, 2023 2:33 AM IST
കാസര്‍ഗോഡ്: ഓണം കഴിഞ്ഞതോടെ വീണ്ടും സപ്ലൈകോ ഔട്ട്ലെറ്റുകൾ കാലിയായി. സബ്സിഡി സാധനങ്ങളില്‍ ഒട്ടുമുക്കാലും എവിടെയും സ്റ്റോക്കില്ല. റേഷന്‍കടകളുടെ കാര്യം അവതാളത്തിലായതോടെ ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള പുഴുക്കലരിയും പച്ചരിയും മിക്കയിടങ്ങളിലും കണികാണാന്‍ പോലുമില്ല.
പഞ്ചസാര, ഉഴുന്ന്, മുളക് തുടങ്ങിയവയും സ്റ്റോക്കില്ല. ചെറുപയറും മല്ലിയും വെളിച്ചെണ്ണയും മാത്രമാണ് ചിലയിടങ്ങളില്‍ പേരിനെങ്കിലും ഉള്ളത്. അതുതന്നെ ഓണത്തിനെത്തിയ സ്റ്റോക്കില്‍ ബാക്കിയുള്ളതാണ്. അതിനുശേഷം പുതിയ സ്റ്റോക്ക് വന്നിട്ടില്ല.
ഇനി എപ്പോള്‍ പുതിയ സ്റ്റോക്ക് എത്തുമെന്ന കാര്യത്തിലും ബന്ധപ്പെട്ടവര്‍ക്ക് കൃത്യമായ വിവരം നല്കാന് സാധിക്കുന്നില്ല. സപ്ലൈകോ ഔട്ട്ലെറ്റുകളില് അവശ്യസാധനങ്ങളുടെ ക്ഷാമം ഓണത്തിനുമുമ്പേ തുടങ്ങിയതാണ്.
ഓണത്തോടടുത്ത ദിവസങ്ങളിലാണ് അത്യാവശ്യം സാധനങ്ങളെങ്കിലും എത്തിയത്.പൊതുവിപണിയേക്കാള്‍ നല്ല വിലക്കുറവുള്ളതിനാല്‍ അരിക്കും പഞ്ചസാരയ്ക്കും ഉഴുന്നിനും വേണ്ടിയാണ് അധികം പേരും സപ്ലൈകോ ഔട്ട്ലെറ്റുകളിലെത്തുന്നത്. ഇവയൊന്നുമില്ലെന്ന് അറിയുന്നതോടെ അവരെല്ലാം നിരാശരായി മടങ്ങേണ്ട അവസ്ഥയാണ്.