ഹൗസ് ബോട്ടുടമകളോട് കാണിക്കുന്നത് കൊടിയ അനീതി: എംപവര്‍ കാസര്‍ഗോഡ്
1460770
Saturday, October 12, 2024 5:34 AM IST
കാസര്‍ഗോഡ്: കൃത്യമായി നികുതിയടച്ച് ടൂറിസം പദ്ധതികള്‍ നടത്തിവരുന്ന കേരളത്തിലെ ഹൗസ് ബോട്ടുടമകള്‍ക്ക് കോടികളുടെ കുടിശിക അടക്കാന്‍ നോട്ടീസ് അയച്ച സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ നടപടി ടൂറിസം വ്യവസായത്തിന് വന്‍ തിരിച്ചടിയുണ്ടാക്കുമെന്ന് എംപവര്‍ കാസര്‍ഗോഡ് എക്സിക്യൂട്ടീവ് യോഗം അഭിപ്രായപെട്ടു.
സംസ്ഥാനത്ത് ഹൗസ് ബോട്ട് സംരംഭങ്ങള്‍ നടത്തുന്നത് ബഹുഭൂരിപക്ഷവും ചെറുകിട സംരംഭകരായ സാധാരണക്കാരാണ്. ഇത്രയും ഭീമമായ തുക അടക്കാന്‍ നോട്ടീസ് ലഭിച്ചാല്‍ സംരംഭകര്‍ കടക്കെണിയിലാകുവാനോ ആത്മഹത്യയിലേക്ക് നയിക്കപ്പെടുവാനോ സാധ്യതയുണ്ട്. നിലവില്‍ ടൂറിസത്തിന് ഒരു സഹായവും സര്‍ക്കാർ നൽകുന്നില്ല.
മാത്രമല്ല ഇത്തരത്തിലുള്ള സംരംഭക വിരുദ്ധ നടപടികള്‍ സ്വീകരിക്കുക വഴി ഹൗസ് ബോട്ട് സംരംഭങ്ങളെ തകര്‍ക്കുകയാണ്. ഇതിലൂടെ ഈ മേഖലയില്‍ സംരംഭങ്ങള്‍ നടത്തുന്നവരെ തകര്‍ക്കുന്നതിനു പുറമെ നവ സംരംഭകര്‍ക്ക് തെറ്റായ സന്ദേശം നല്കാന് ഇടയാക്കുകയും ചെയ്യും. ആയതിനാല്‍ ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് ഈ അസംബന്ധ നടപടി പിന്‍വലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
അതോടൊപ്പം ടൂറിസം മേഖലയെ ചെറുകിട സംരംഭമായി പ്രഖ്യാപിച്ച് ആനുകൂല്യങ്ങള്‍ നല്കുവാനും സര്‍ക്കാര്‍ തയാറാകണം. ചെയര്മാന് രവീന്ദ്രന് കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. അലി നെട്ടാര്‍, മുഹമ്മദലി റെഡ് വുഡ്, ഐശ്വര്യ കുമാരന്, മുഹമ്മദ് റഫീഖ്, അബ്ദുള്‍ ഖാദര്‍ പള്ളിപ്പുഴ, ഫാറൂഖ് മെട്രോ, പ്രദീപ് കുമാര്‍, സെയ്ഫുദ്ദീന്‍ കളനാട്, കെ.ടി. സുഭാഷ് നാരായണന് എന്നിവര്‍ പ്രസംഗിച്ചു.