അനീഷിന്റെ ചികിത്സാ സഹായത്തിനായി ബിരിയാണി ചാലഞ്ച് ഇന്ന്
1586256
Sunday, August 24, 2025 7:01 AM IST
കൊന്നക്കാട്: ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിൽ കഴിയുന്ന കൊന്നക്കാട്ടെ അനീഷ് ആന്റണിക്ക് ചികിത്സാസഹായമെത്തിക്കുന്നതിനായി ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ബിരിയാണി ചാലഞ്ച് ഇന്ന്.
8000 പ്ലേറ്റ് ബിരിയാണിയാണ് ഇന്ന് കൊന്നക്കാട്, മാലോം, ചിറ്റാരിക്കാൽ, വെള്ളരിക്കുണ്ട് ഭാഗങ്ങളിലായി വിതരണം ചെയ്യുന്നത്. ഇതുവഴി 12 ലക്ഷത്തോളം രൂപ അനീഷിന്റെ ചികിത്സാച്ചെലവിനായി ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.
ബിരിയാണി തയ്യാറാക്കുന്നതിന് ആവശ്യമായ ചെലവുകളെല്ലാം സ്പോൺസർമാർ വഴി ലഭിച്ചിട്ടുണ്ട്. 15 ക്വിന്റൽ അരിയും 17 ക്വിന്റൽ കോഴിയുമാണ് വേണ്ടിവന്നത്. 200 ഓളം പേരാണ് നാടിന്റെ കൂട്ടായ്മയിൽ ബിരിയാണി തയ്യാറാക്കുന്നതിനായി ഒരേ മനസ്സോടെ പ്രവർത്തിക്കുന്നത്.
ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം രക്ഷാധികാരിയും വാർഡ് അംഗം ബിൻസി ജെയിൻ ചെയർപേഴ്സണും ജി. ദിബാഷ് കൺവീനറും പി.കെ. ജോസ് ട്രഷററുമായുള്ള കമ്മിറ്റിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.