ദമ്പതികളെ ആക്രമിച്ച കേസിൽ ഒന്നാംപ്രതിക്ക് മൂന്നുവർഷം തടവ്
1586257
Sunday, August 24, 2025 7:01 AM IST
രാജപുരം: പറമ്പിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒന്നാം പ്രതിക്ക് മൂന്നു വർഷം തടവും 35,000 രൂപ പിഴയും വിധിച്ചു.
രാജപുരം പോലീസ് സ്റ്റേഷൻ പരിധിയിലെ നീലിമലയിൽ താമസിക്കുന്ന ഗിരീഷ് കുമാറിനെയും ഭാര്യ സവിതയെയും ആക്രമിച്ച കേസിലെ പ്രതി ഷിജു ബേബി (44)യെയാണ് കാസർഗോഡ് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി (രണ്ട്) ജഡ്ജ് കെ. പ്രിയ ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. കേസിൽ രണ്ടാം പ്രതിയായ ഷിജുവിന്റെ പിതാവ് കെ.സി. ബേബി (74)യെ കോടതി വെറുതെ വിട്ടു. 2019 മെയ് 10 നായിരുന്നു കേസിനാസ്പദമായ സംഭവം.
ഇരുവരെയും കല്ല് കൊണ്ട് കുത്തിയും കല്ലെറിഞ്ഞും പരിക്കേൽപ്പിച്ചതായാണ് കേസ്. രാജപുരം എസ്ഐയായിരുന്ന കെ. രാജീവനാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ഗവ. പ്ലീഡർ ജി. ചന്ദ്രമോഹനും അഡ്വ. ചിത്രകലയും ഹാജരായി.