നെഹ്റു കോളജിൽ പത്രികകളുടെ സൂക്ഷ്മ പരിശോധനയെച്ചൊല്ലി സംഘർഷം
1585450
Thursday, August 21, 2025 7:25 AM IST
കാഞ്ഞങ്ങാട്: കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പടന്നക്കാട് നെഹ്റു കോളജിൽ നാമനിർദേശപത്രികകളുടെ സൂക്ഷ്മ പരിശോധനയെച്ചൊല്ലി സംഘർഷം.
വിദ്യാർഥികളെ അകത്തുകയറ്റാതെ അടച്ചിട്ട മുറിയിൽവച്ച് പത്രികകൾ സൂക്ഷ്മ പരിശോധന നടത്തുന്നതിനെ കെഎസ്യു, എംഎസ്എഫ് പ്രവർത്തകർ ചോദ്യം ചെയ്യുകയായിരുന്നു. പിന്നീട് നേതാക്കളെത്തി ചർച്ച നടത്തിയതിനു ശേഷമാണ് വിദ്യാർഥി പ്രതിനിധികളെ അകത്തു കയറ്റിയത്.
ഇതിനിടയിൽ വൈകുന്നേരം അഞ്ചിന് പൂർത്തിയാകേണ്ട സൂക്ഷ്മപരിശോധന രാത്രി വൈകുവോളം നീണ്ടു. കെഎസ്യു ഏറെ പ്രതീക്ഷ പുലർത്തുന്ന ജനറൽ ക്യാപ്റ്റൻ സ്ഥാനാർഥിയുടെ പത്രിക തള്ളിയതോടെ വീണ്ടും സംഘർഷാവസ്ഥയായി.
എസ്എഫ്ഐ സ്ഥാനാർഥിയുടെ പത്രിക സ്വീകരിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാൻ സമയം നൽകുന്നതിനു വേണ്ടിയാണ് സൂക്ഷ്മപരിശോധന വൈകിപ്പിച്ചതെന്ന് കെഎസ്യു, എംഎസ്എഫ് നേതാക്കൾ ആരോപിച്ചു.
സൂക്ഷ്മപരിശോധന വൈകിപ്പിച്ചതിനും കെഎസ്യു സ്ഥാനാർഥിയുടെ പത്രിക തള്ളിയതിനുമെതിരെ കോടതിയെ സമീപിക്കുമെന്ന് കെഎസ്യു- എംഎസ്എഫ് നേതാക്കൾ അറിയിച്ചു.
പ്രിസൈഡിംഗ് ഓഫീസറായ ഫിസിക്കൽ എജ്യുക്കേഷൻ വിഭാഗം തലവൻ എം.കെ. സുധീഷിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടന്നത്. കെഎസ്യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, ജില്ലാ സെക്രട്ടറി ആശിഷ് അടുക്കം, വൈസ് പ്രസിഡന്റ് അശ്വിൻ കമ്പല്ലൂർ, എംഎസ്എഫ് നേതാക്കളായ ജംഷീദ് ചിത്താരി, നാഫിഹ് പേരോൽ എന്നിവർ സ്ഥലത്തെത്തിയിരുന്നു.