കരയെ തിരിച്ചുപിടിച്ച് അജാനൂർ കടപ്പുറം
1585058
Wednesday, August 20, 2025 1:52 AM IST
കാഞ്ഞങ്ങാട്: ഗതിമാറിയൊഴുകിയ ചിത്താരിപ്പുഴയെ ബണ്ട് കെട്ടി പിടിച്ചുനിർത്തി വഴിതിരിച്ചുവിട്ടതോടെ അജാനൂർ കടപ്പുറത്തെ കടലേറ്റത്തിന് താത്കാലിക ശമനമായി. കടൽ ഏറെക്കുറെ പഴയ സ്ഥാനത്തേക്കുതന്നെ പിൻവലിഞ്ഞതോടെ ആഴ്ചകൾ കൊണ്ട് നൂറു മീറ്ററോളം വീതിയിൽ കരഭാഗം തിരിച്ചുപിടിക്കാനായി. തൃക്കണ്ണാട് കടപ്പുറത്ത് സംസ്ഥാനപാത വരെയെത്തിയ കടൽ ഇപ്പോഴും അധികമൊന്നും പിന്മാറാതെ നിൽക്കുമ്പോഴാണ് അജാനൂരിൽ ചെറിയൊരാശ്വാസം കിട്ടിയത്.
ഒരുമാസം മുമ്പ് ഗതിമാറിയൊഴുകിയ ചിത്താരിപ്പുഴ അജാനൂർ കടപ്പുറത്തെ ഫിഷ് ലാൻഡിംഗ് സെന്റർ കെട്ടിടത്തെ പോലും അപകടഭീഷണിയിലാക്കിയിരുന്നു. ഈ കെട്ടിടത്തിനു മുന്നിലൂടെ ഉണ്ടായിരുന്ന തീരദേശ റോഡിന്റെ ഒരു ഭാഗം കടലേറ്റത്തിൽ തകർന്നു. പഞ്ചായത്ത് നിർമിച്ച കോൺക്രീറ്റ് സംരക്ഷണഭിത്തിയും തകർന്നു. റോഡിന്റെ മറുവശത്തെ വീട്ടുപറമ്പുകളിലേക്കുപോലും തിരമാലകൾ അടിച്ചുകയറി.
അടിയന്തിര നടപടികൾക്കായി സർക്കാർ അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ച് ജലവിഭവ വകുപ്പിന്റെ നേതൃത്വത്തിലാണ് ബണ്ട് നിർമിച്ചത്. പോളിത്തീൻ കൊണ്ടുള്ള ജിയോ ട്യൂബുകളിൽ മണൽ നിറച്ചും മണൽച്ചാക്കുകൾ കൊണ്ടുമായിരുന്നു ബണ്ട് നിർമാണം. തുടർന്ന് ഈ സ്ഥലത്തുനിന്ന് വടക്കുമാറി പുഴ നേരത്തേ ഒഴുകിയിരുന്ന വഴിയിൽ തന്നെ ജെസിബി ഉപയോഗിച്ച് ചാലുകീറിയും അഴിമുഖം തുറന്നും പുഴയെ വഴിതിരിച്ചുവിടുകയായിരുന്നു.
പുഴ പഴയ സ്ഥാനത്തേക്ക് തിരിച്ചെത്തിയതോടെ കടലേറ്റത്തിൽ ഗണ്യമായ കുറവുണ്ടായി. തുടർന്നുള്ള ദിവസങ്ങളിൽ മഴ കുറഞ്ഞതും ആശ്വാസമായി. കടൽ പിന്മാറിയ ഭാഗങ്ങളിൽ ഉയർന്നുവന്ന മണൽത്തിട്ട ഇപ്പോൾ നൂറു മീറ്ററോളം വീതിയിലായി. തകർന്ന റോഡിന്റെ അവശിഷ്ടങ്ങളും ഇപ്പോൾ വീണ്ടും കരഭാഗത്തു തന്നെയായി. കേവലം പ്രഖ്യാപനങ്ങൾക്കപ്പുറം ഇതുപോലുള്ള നടപടികളാണ് തൃക്കണ്ണാട് കടപ്പുറത്തും വേണ്ടതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
അജാനൂരിൽ ഒന്നര പതിറ്റാണ്ട് മുമ്പ് പ്രഖ്യാപിച്ച മിനി ഹാർബറിന്റെ നിർമാണം ഇനിയും വൈകാതെ തുടങ്ങണമെന്ന ആവശ്യമാണ് വീണ്ടും ഉയരുന്നത്. തുറമുഖത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിലും കേന്ദ്രത്തിലും നിന്നുള്ള വിദഗ്ധസംഘങ്ങളുടെ സ്ഥലപരിശോധനയല്ലാതെ മറ്റൊന്നും ഇതുവരെ നന്നിട്ടില്ല.
ഈ പരിശോധനാ റിപ്പോർട്ടുകളെല്ലാം തുറമുഖ നിർമാണത്തിന് അനുകൂലമായിരുന്നു എന്നതാണ് പ്രതീക്ഷയ്ക്ക് വകനൽകുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് അന്തിമ പരിശോധനയ്ക്കായി കേന്ദ്രസംഘമെത്തിയത്. ഹാർബറിന്റെ നിർമാണം തുടങ്ങിയാൽ വർഷാവർഷം പുഴ ഗതിമാറിയൊഴുകുന്നതും കടലേറ്റവും മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ.