പണമനുവദിച്ചിട്ടും പുതിയ പാലത്തിന് ടെൻഡറായില്ല
1584772
Tuesday, August 19, 2025 2:00 AM IST
നീലേശ്വരം: തേജസ്വിനിപ്പുഴയിലെ മുണ്ടേമ്മാട് ദ്വീപിനെ കരയുമായി ബന്ധിപ്പിക്കുന്ന പാലം അപകടാവസ്ഥയിൽ.
ഇവിടെ പുതിയ പാലത്തിന്റെ നിർമാണത്തിന് 10 കോടി രൂപ അനുവദിച്ച് ആറുതവണ ടെൻഡർ വിളിച്ചെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ടുവന്നിരുന്നില്ല. എസ്റ്റിമേറ്റ് തുക കുറഞ്ഞുപോയെന്നാണ് കരാറുകാരുടെ നിലപാട്.
40 വർഷം മുമ്പാണ് നീലേശ്വരം ചെമ്മാക്കരയിൽ നിന്ന് മുണ്ടേമ്മാട് ദ്വീപിലേക്ക് നിലവിലുള്ള പാലം നിർമിച്ചത്. നടപ്പാലമെന്ന നിലയിലാണ് നിർമിച്ചതെങ്കിലും പാലത്തിലൂടെ ഒറ്റവരി വാഹനഗതാഗതം നടക്കുന്നുണ്ട്.
ഇതുതന്നെയാണ് പാലത്തിന് ബലക്ഷയമുണ്ടാകാൻ പ്രധാന കാരണമായത്. നിലവിൽ പാലത്തിന്റെ മധ്യഭാഗത്തെ രണ്ട് തൂണുകൾ താഴ്ന്ന നിലയിലാണ്.
നാലുഭാഗത്തും പുഴയാൽ ചുറ്റപ്പെട്ടു കിടക്കുന്ന ദ്വീപിലെ നൂറോളം കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാൻ മറ്റൊരു വഴിയുമില്ലാത്തതിനാൽ ഇപ്പോഴും ഇതുവഴി ചെറുവാഹനങ്ങൾ കടന്നുപോകുന്നുണ്ട്.
എന്നാൽ ഇനിയൊരു മഴക്കാലത്തെ അതിജീവിക്കാൻ ഈ പാലത്തിന് കഴിയുമോയെന്ന ആശങ്ക ശക്തമാണ്.
എട്ടുമീറ്റർ വീതിയിലാണ് പുതിയ പാലത്തിന് എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്.
തുകയുടെ കാര്യത്തിൽ കരാറുകാരും സർക്കാർ അംഗീകൃത ഏജൻസികളുമായി ചർച്ച നടത്തി പരിഹാരമുണ്ടാക്കി എത്രയും പെട്ടെന്ന് പുതിയ പാലത്തിന്റെ പണി തുടങ്ങാനുള്ള നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.