കര്‍ഷകസ്വരാജ് അനിശ്ചിതകാല സമരത്തിന് നാളെ തുടക്കം
1583729
Thursday, August 14, 2025 12:59 AM IST
കാസര്‍ഗോഡ്: കേരളത്തിന്റെ മലയോരങ്ങളില്‍ നിന്ന് ഇടനാട്ടിലേക്ക് വരെ വന്യജീവികളുടെ ആക്രമണം വര്‍ധിച്ചുകൊണ്ടിരിക്കെ അതിനെതിരെ ശാസ്ത്രീയവും സുസ്ഥിരവുമായ പരിഹാര നടപടികളാവശ്യപ്പെട്ടുകൊണ്ട് വെള്ളരിക്കുണ്ടില്‍ അനിശ്ചിതകാല കര്‍ഷകസ്വരാജ് സത്യഗ്രഹത്തിന് സ്വാതന്ത്ര്യദിനത്തില്‍ തുടക്കം കുറിക്കും. വ്യത്യസ്ത രാഷ്ട്രീയ മതസാമൂഹിക സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചേര്‍ന്ന് രൂപം കൊടുത്ത കര്‍ഷകസ്വരാജ് സത്യഗ്രഹസമിതിയാണ് ഈ നീക്കം ഏകോപിപ്പിക്കുന്നത്.
വെള്ളരിക്കുണ്ട് മേഖലയിലെ എല്ലാ പ്രസ്ഥാനങ്ങളുടെയും പിന്തുണ ഈ സമരത്തിന് ഉറപ്പാക്കാന്‍ ഫെബ്രുവരി മുതല്‍ നടന്നു വരുന്ന തയാറെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യം (എന്‍എപിഎം) കേരളാ ഘടകം ഈ വിഷയം സംബന്ധിച്ച് നടത്തിയ പഠനത്തിലെ നിര്‍ദേശങ്ങളെയും 2022ലെ സിഎജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളെയും അടിസ്ഥാനമാക്കിയുള്ള വ്യക്തമായ ആവശ്യങ്ങളടങ്ങിയ നിവേദനങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചുകൊണ്ടാണ് നീണ്ടു നില്ക്കുന്ന സമരത്തിന് വെള്ളരിക്കുണ്ടില്‍ തുടക്കം കുറിക്കുന്നത്. കേരളത്തിലെ പ്രധാനപ്പെട്ട സ്വതന്ത്ര കര്‍ഷക സംഘടനകളുടെയും വിവിധ പൗരസമൂഹ പ്രസ്ഥാനങ്ങളുടെയും പിന്തുണ ഈ നീക്കത്തിനുണ്ട്.
സമരമാരംഭിക്കുന്ന ദിവസം തന്നെ കേരളത്തിന്റെ എല്ലാ ജില്ലകളിലും ഓരോ സ്ഥലത്ത് അനുഭാവ സത്യഗ്രഹങ്ങളും നടക്കും അതനുസരിച്ച് തിരുവനന്തപുരം കല്ലറയിലും കൊല്ലം തിരുമുല്ലവാരം ഗാന്ധിഘട്ടിലും, ആലപ്പുഴ മുളക്കുഴയിലും പത്തനംതിട്ട ചാത്തന്‍തറയിലും കോട്ടയം ഈരാറ്റുപേട്ടയിലും ഇടുക്കി അടിമാലിയിലും എറണാകുളം കച്ചേരിപ്പടിയിലും തൃശൂര്‍ കോടാലിയിലും പാലക്കാട് കോട്ടമൈതാനി അഞ്ചുവിളക്കിലും മലപ്പുറം വണ്ടൂരിലും വയനാട് കല്പറ്റയിലും കോഴിക്കോട് കിഡ്സണ്‍ കോര്‍ണറിലും കണ്ണൂര്‍ ഇരിട്ടിയിലും കാസര്‍ഗോഡ് ബദിയടുക്കയിലും അനുഭാവ സത്യഗ്രഹങ്ങള്‍ നടക്കും. അതിനായി ജില്ലാതല ഐക്യദാര്‍ഢ്യ സമിതികള്‍ക്ക് രൂപം നല്‍കിയിട്ടുമുണ്ട്.
നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് വെള്ളരിക്കുണ്ട് ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രകടനം സത്യാഗ്രഹ പന്തലിലെത്തിയ ശേഷം സമീപ വര്‍ഷങ്ങളില്‍ വെള്ളരിക്കുണ്ട് മേഖലയില്‍ നിന്നു വന്യജീവി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ ബന്ധുക്കള്‍ നടത്തുന്ന പുഷ്പാര്‍ച്ചനയാണ് ഉദ്ഘാടനം.
തുടര്‍ന്ന് സമരസഹായ സമിതി ചെയര്മാന് റിട്ട. ഐജി കെ.വി. മുസൂദനന്‍ സമരപതാകയുയര്ത്തും. ഉദ്ഘാടന പൊതുസമ്മേളനത്തില്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം അധ്യക്ഷത വഹിക്കും. രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു, ആദിവാസി നേതാവ് ഡോ. അമ്മിണി വയനാട്, എന്‍എപിഎം ദേശീയ കണ്‍വീനര്‍ സി.ആര്. നീലകണ്ഠന് എന്നിവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ചെയര്മാന് സണ്ണി പൈകട, കണ്‍വീനര്‍ ബേബി ചെമ്പരത്തി, കോ-ഓര്‍ഡിനേറ്റര്‍ ഷോബി ജോസഫ്, കണ്‍വീനര്‍ ജിമ്മി ഇടപ്പാടി, കിസാന്‍ രക്ഷാസേന പ്രസിഡന്റ് ഗോവിന്ദഭട്ട്, ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ കണാജെ എന്നിവര്‍ പങ്കെടുത്തു.