സേവനം തേടി ആത്മഹത്യാ പ്രതിരോധ ക്ലിനിക്കിലെത്തിയത് നാനൂറിലധികം പേര്
1582947
Monday, August 11, 2025 1:46 AM IST
ചെറുവത്തൂര്‍: ആത്മഹത്യാ പ്രവണതയുടെ ആശങ്കാജനകമായ വര്‍ധനവിനെ തടയുക എന്ന ലക്ഷ്യത്തോടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആത്മഹത്യാ പ്രതിരോധ ക്ലിനിക് നിരവധി പേര്‍ക്ക് ജീവിതത്തിലേക്കുള്ള പ്രത്യാശയായി മാറുകയാണ്.
2022ല്‍ ബ്ലോക്ക് പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണത കറയ്ക്കുക, മാനസിക ആരോഗ്യം ശക്തിപ്പെടുത്തുക, ആളുകളെ പ്രശ്ന പരിഹാരത്തിനായി സ്വയം സജ്ജരാക്കുക, കുടുംബ ബന്ധങ്ങള്‍ ദൃഢമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിരോധ ക്ലിനിക്ക് ആരംഭിക്കുന്നത്.
തുടക്കത്തില്‍ സ്വന്തം പ്രശ്നങ്ങള്‍ തുറന്നുപറയാന്‍ തയാറായി മുന്നോട്ടുവരുന്നവരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ മാസംതോറും ഏകദേശം 25 മുതല്‍ 30 വരെ ആള്‍ക്കാരാണ് ക്ലിനിക്കിന്റെ സേവനം തേടുന്നത്. കൗമാരക്കാരും ഇതിലുണ്ട്. രണ്ടുവര്‍ഷത്തിനിടയില്‍ സേവനം തേടിയെത്തിയത് നാന്നൂറിലധികം പേരാണ്.
ചെറുവത്തൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കില്‍ ആഴ്ചയില്‍ അഞ്ചുദിവസം രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ നേരിട്ടോ ഫോണിലൂടെയോ സൗജന്യ കൗണ്‍സിലിംഗ് ലഭ്യമാണ്. കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റായ കെ. അജിതയുടെ നേതൃത്വത്തിലാണ് കൗണ്‍സിലിംഗ് നല്‍കുന്നത്. കൂടാതെ, ചെറുവത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ എല്ലാ മാസവും അവസാനത്തെ വെള്ളിയാഴ്ച മാനസികാരോഗ്യ വിദഗ്ധന്റെ സേവനവും ലഭ്യമാണ്. വ്യക്തിഗതമായും, കുടുംബാംഗങ്ങള്ക്കൊന്നിച്ചുമുള്ള കൗണ്‍സലിംഗ് സൗകര്യവുമുണ്ട്.
തുടര്‍ച്ചയായ പരിചരണം ആവശ്യായവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് നിര്‍ദേശിക്കും. ക്ലിനിക്കിലേക്ക് നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്കായി പഞ്ചായത്തിലെ ആശാ വര്‍ക്കര്‍മാര്‍, സൈക്കോളജിസ്റ്റ്, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ സഹകരണത്തോടെ വീട്ടിലെത്തിയുള്ള സേവനവും ലഭ്യമാക്കുന്നു.
പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലബുകളിലും ബോധവത്കരണ ക്ലാസുകളും മറ്റു പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം ഇടപെടലുകള്‍ക്ക് നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ മോണിറ്ററിംഗ് കമ്മിറ്റിയും, സിഎച്ച്സി ഡോക്ടര്‍മാര്‍, വനിതാശിശു വികസന വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ശക്തമായ പിന്തുണ നല്കുന്നു. ഓഫീസും അടിസ്ഥാനസൗകര്യം ഒരുക്കുക, കൗണ്‍സിലര്‍മാരുടെ വേതനം, മറ്റ് അനുബന്ധ പ്രവര്‍ത്തനം എന്നിവയ്ക്കായി രണ്ടരലക്ഷം രൂപയാണ് പദ്ധതിക്കായി വിനിയോഗിക്കുന്നത്.
ക്ലിനിക്കിലേക്ക് എത്തുന്ന രോഗികളില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. സ്വന്തം പ്രശ്നങ്ങള്‍ തുറന്നു സംസാരിക്കാന്‍ തയാറല്ലാതിരുന്ന സാഹചര്യത്തില്‍ നിന്നും ആളുകള്‍ ഏറെമാറി. ഒരുപാട് പേരുടെ ജീവിക്കാനുള്ള പ്രത്യാശയായി മാറാന്‍ ക്ലിനിക്കിന് കഴിഞ്ഞുവെന്നത് അഭിമാനമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവന് മണിയറ പറഞ്ഞു.