ഗ്രാമീൺ ബാങ്ക് വള്ളിക്കടവ് ശാഖ മാറ്റുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധ കൂട്ടായ്മ
1582842
Sunday, August 10, 2025 8:25 AM IST
മാലോം: കേരള ഗ്രാമീണ ബാങ്കിന്റെ വള്ളിക്കടവ് ശാഖ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കാനുള്ള ബാങ്ക് അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധ കൂട്ടായ്മയുമായി നാട്ടുകാർ. ബാങ്കിനു മുന്നിൽ നടത്തിയ പ്രതിഷേധ യോഗം പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ജെസി ടോമി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ മോൻസി ജോയ്, പി.സി. രഘുനാഥൻ, മാലോം ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം, ടി.പി. തമ്പാൻ, സാവിത്രി ശങ്കരൻ, ജോയ് മൈക്കിൾ, എൻ.ഡി. വിൻസെന്റ്, പി.ടി. ബേബി, അൻഡ്രൂസ് വട്ടക്കുന്നേൽ എന്നിവർ പ്രസംഗിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം, ഫൊറോന വികാരി ഫാ. ജോസ് തൈക്കുന്നുംപുറം എന്നിവർ മുഖ്യ രക്ഷാധികാരികളായി 101 അംഗ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. വള്ളിക്കടവിൽ നിന്നും ബാങ്ക് മറ്റൊരിടത്തേക്ക് മാറുകയാണെങ്കിൽ നാട്ടുകാരുടെയും സ്ഥാപനങ്ങളുടെയും മുഴുവൻ അക്കൗണ്ടുകളും ബാങ്കിൽ നിന്ന് പിൻവലിക്കാനാണ് തീരുമാനം.
1970 ലാണ് വള്ളിക്കടവിൽ അന്നത്തെ നോർത്ത് മലബാർ ഗ്രാമീൺ ബാങ്കിന്റെ ശാഖ ആരംഭിച്ചത്. അരനൂറ്റാണ്ടിലേറെക്കാലമായി ഈ നാട്ടിലെ എല്ലാവിഭാഗം ജനങ്ങൾക്കും സ്ഥാപനങ്ങൾക്കും സൗകര്യപ്രദമായിരുന്ന ബാങ്ക് ചില വ്യക്തികളുടെയും ജീവനക്കാരുടെയും സ്വാർഥ താത്പര്യങ്ങൾ മൂലമാണ് മറ്റൊരിടത്തേക്ക് മാറ്റാൻ നീക്കം നടക്കുന്നതെന്ന് യോഗം ആരോപിച്ചു.