കർഷകരുമായി ധാരണയായിട്ടും സർക്കാർ ഉത്തരവ് ഇറങ്ങിയില്ല
1582844
Sunday, August 10, 2025 8:26 AM IST
ഒടയംചാൽ: ഉഡുപ്പി-കരിന്തളം 400 കെവി വൈദ്യുതലൈനിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രിയുടെ സാന്നിധ്യത്തിൽ കർഷകരുമായി ധാരണയിലെത്തി ആറുമാസം കഴിഞ്ഞിട്ടും സർക്കാർ ഉത്തരവ് ഇറങ്ങിയില്ല. പദ്ധതി നല്ല നിലയിൽ പ്രാവർത്തികമാക്കുന്നതിനും കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും സർക്കാർ താത്പര്യമെടുക്കുമ്പോഴും ഇക്കാര്യത്തിൽ ഉദ്യോഗസ്ഥതലത്തിലുള്ള അനാസ്ഥ തുടരുകയാണെന്നാണ് കർഷക രക്ഷാസമിതിയുടെ ആക്ഷേപം.
പദ്ധതിയുമായി ബന്ധപ്പെട്ട് മതിയായ നഷ്ടപരിഹാരം നൽകാതെ കൃഷിയിടങ്ങൾ ഏറ്റെടുക്കുന്നതിനും കാർഷികവിളകൾ വെട്ടിനശിപ്പിക്കുന്നതിനുമെതിരെ നേരത്തേ കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ മാസങ്ങളോളം സമരപരിപാടികൾ നടന്നിരുന്നു.
ആറുമാസം മുമ്പ് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയുടെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാരും കർഷക രക്ഷാസമിതി ഭാരവാഹികളും പദ്ധതിയുടെ നടത്തിപ്പ് ചുമതല വഹിക്കുന്ന സ്റ്റെർലൈറ്റ് കമ്പനി അധികൃതരും കെഎസ്ഇബി ചെയർമാൻ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് തിരുവനന്തപുരത്തുവച്ച് നടത്തിയ അനുരഞ്ജന ചർച്ചയിലാണ് ഒത്തുതീർപ്പ് ധാരണയിലെത്തിയത്.
ഉത്തരകേരളത്തിലെ വൈദ്യുതി ക്ഷാമം പരിഹരിക്കാനുതകുന്ന പദ്ധതി എത്രയും പെട്ടെന്ന് പ്രാവർത്തികമാക്കുന്നതിനായി കർഷകർ പരമാവധി വിട്ടുവീഴ്ചയ്ക്ക് തയ്യാറായിക്കൊണ്ടാണ് ഒത്തുതീർപ്പിലെത്തിയതെന്ന് കർഷക രക്ഷാസമിതി ചെയർമാനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ പറഞ്ഞു.
എന്നാൽ ഒത്തുതീർപ്പ് ധാരണകളുമായി ബന്ധപ്പെട്ട് നാളിതുവരെയായി സർക്കാരിന്റെ ഉത്തരവ് ഇറക്കിയിട്ടില്ല. അതുകൊണ്ടുതന്നെ ഭൂമി ഏറ്റെടുക്കുകയും ധാരണ പ്രകാരമുള്ള നഷ്ടപരിഹാരം അനുവദിക്കുകയും ചെയ്യുന്ന കാര്യത്തിൽ നടപടിക്രമങ്ങളൊന്നും തുടങ്ങിയിട്ടില്ല.
പദ്ധതിക്കായി വിട്ടുനൽകേണ്ട ഭൂമിയിൽ കൃഷിയോ നിർമാണപ്രവർത്തനങ്ങളോ ഒന്നും നടത്താനാകാതെ കർഷകരുടെ ദുരിതം നീണ്ടുപോവുകയാണ്. പദ്ധതി സ്തംഭനാവസ്ഥയിലായതിനാൽ ഉത്തരകേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിയും മാറ്റമില്ലാതെ തുടരുകയാണെന്ന് ഷിനോജ് ചാക്കോ ചൂണ്ടിക്കാട്ടി.
കർഷകരക്ഷാസമിതി നേതാക്കൾ ജോസ് കെ. മാണി എംപിയെ കണ്ടു
ഒടയംചാൽ: ഉഡുപ്പി-കരിന്തളം വൈദ്യുതലൈനിന് സ്ഥലം ഏറ്റെടുക്കുന്നതും ഒത്തുതീർപ്പു ധാരണ പ്രകാരം നഷ്ടപരിഹാരം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട സ്തംഭനാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർഷകരക്ഷാസമിതി നേതാക്കൾ പാലായിലെത്തി ജോസ് കെ. മാണി എംപിയെ കണ്ട് നിവേദനം നൽകി.
അനിശ്ചിതാവസ്ഥ തുടരുന്നതുമൂലം കർഷകർ അനുഭവിക്കുന്ന ദുരിതങ്ങൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ബന്ധപ്പെട്ട സർക്കാർ ഉത്തരവ് എത്രയും പെട്ടെന്ന് ഇറക്കുന്ന കാര്യത്തിൽ സർക്കാരുമായി ബന്ധപ്പെട്ട് വേണ്ടതു ചെയ്യാമെന്ന് ജോസ് കെ. മാണി ഉറപ്പുനൽകി.
കർഷക രക്ഷാസമിതി ചെയർമാനും കേരള കോൺഗ്രസ്(എം) ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷിനോജ് ചാക്കോ, കൺവീനർ നാരായണൻകുട്ടി മാസ്റ്റർ, ട്രഷറർ സത്യനാഥ് കമ്പിക്കാനും, എം.കെ. ഭാസ്കരൻ, ഷാനവാസ് കാരാട്ട്, സിബി ബെള്ളിഗെ, ചാക്കോ എന്നിവർ സംബന്ധിച്ചു.