ഭീമനടി-ചിറ്റാരിക്കാൽ റോഡിൽ അപകടങ്ങൾ പതിവാകുന്നു
1582843
Sunday, August 10, 2025 8:25 AM IST
ഭീമനടി: നവീകരണത്തിനു ശേഷം ഭീമനടി-ചിറ്റാരിക്കാൽ റോഡിൽ അപകടങ്ങൾ പതിവാകുന്നു. ഇന്നലെ വൈകിട്ട് ഭീമനടി കരിമ്പിരി വളവിന് സമീപം കെഎസ്ആർടിസി ബസിന് സൈഡ് കൊടുക്കുന്നതിനിടെ സ്വകാര്യ ബസ് റോഡരികിലെ മൺതിട്ടയിലേക്ക് ഇടിച്ചുകയറി.
മറ്റു വാഹനങ്ങളോ വഴിയാത്രക്കാരോ സമീപത്ത് ഇല്ലാതിരുന്നതുകൊണ്ടുമാത്രം വൻ അപകടം ഒഴിവായി. ഇതിന് മണിക്കൂറുകൾക്കു മുമ്പ് അമ്പാടി ബസാർ വളവിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ചിരുന്നു. സ്കൂട്ടർ യാത്രികൻ പരിക്കുകളോടെ രക്ഷപ്പെട്ടു.
റോഡ് നിർമാണത്തിലെ അപാകതയാണ് നിരന്തരമായുണ്ടാകുന്ന അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. കോടികൾ ചെലവഴിച്ച് റോഡ് നവീകരിച്ചപ്പോഴും വളവുകളിൽ ആവശ്യത്തിന് വീതി വച്ചിട്ടില്ല.
കയറ്റം കുറയ്ക്കാൻ പലയിടങ്ങളിലും മണ്ണിടിച്ചപ്പോൾ ഇരുവശങ്ങളിലും മൺതിട്ടകൾ രൂപപെട്ടത് അപകടങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്. വശങ്ങൾ കോൺക്രീറ്റ് ചെയ്യുമെന്ന് എസ്റ്റിമേറ്റിൽ പറഞ്ഞിരുന്നതും വെറുതെയായി. റോഡിന്റെ വശങ്ങളിലൂടെ നടന്നുപോകുന്ന കാൽനടയാത്രക്കാരുടെ ജീവൻ പോലും അപകടത്തിലാവുകയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി.