കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള പന്തലിന്റെ നിർമാണം തുടങ്ങി
1582840
Sunday, August 10, 2025 8:25 AM IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് കേന്ദ്രീകരിച്ച് സ്വാതന്ത്യദിനത്തിൽ ആരംഭിക്കുന്ന അനിശ്ചിതകാല കർഷകസ്വരാജ് സത്യാഗ്രഹത്തിനായുള്ള പന്തലിന്റെ നിർമാണത്തിന് ക്വിറ്റിന്ത്യാദിനത്തിൽ തുടക്കമായി. റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറും ഗാന്ധിമാർഗ പ്രവർത്തകനും ജൈവകർഷകനുമായ പി.വി. ജയരാജൻ പന്തലിന്റെ കാൽനാട്ടുകർമം നിർവഹിച്ചു.
ഉപ്പുസത്യാഗ്രഹത്തിന്റെ ചരിത്രമുറങ്ങുന്ന ദണ്ഡി കടപ്പുറത്തു നിന്ന് ശേഖരിച്ച മണ്ണ് നിക്ഷേപിച്ചു കൊണ്ടാണ് കാൽനാട്ടുകർമം നടത്തിയത്. തുടർന്ന് സത്യാഗ്രഹസമിതി അംഗങ്ങളുടെയും വിവിധ സംഘടനാപ്രതിനിധികളുടെയും നേതൃത്വത്തിൽ പന്തലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, പഞ്ചായത്ത് അംഗം പി.സി. രഘുനാഥൻ, ഹരീഷ് പി. നായർ, ജിമ്മി ഇടപ്പാടി, സണ്ണി പൈകട, ബേബി ചെമ്പരത്തി, ജോർജ് തോമസ്, അപ്പച്ചൻ പുല്ലാട്ട്, ഡോളി മാർട്ടിൻ, ടോമി ചെമ്മരപ്പള്ളി, തോമസ് ചെറിയാൻ, സാജൻ പാത്തിക്കര, ജോസ് മണിയങ്ങാട്ട് എന്നിവർ നേതൃത്വം നൽകി.