നാളെയുടെ നന്മയ്ക്കായി ആയിരം വൃക്ഷത്തൈകൾ നട്ടുവളർത്താൻ മാസ് വുഡ് ഇൻഡസ്ട്രീസ്
1583177
Tuesday, August 12, 2025 12:42 AM IST
ചായ്യോം: ഇന്നത്തെ ആവശ്യങ്ങൾക്കായി മരങ്ങൾ മുറിച്ചെടുക്കുമ്പോൾ നാളെയുടെ നന്മയ്ക്കായി പുതിയവ നട്ടുവളർത്തണമെന്ന ആദർശം ഉയർത്തിപ്പിടിച്ച് പുതിയ മാതൃകയൊരുക്കാൻ ചായ്യോത്ത് മാസ് വുഡ് ഇൻഡസ്ട്രീസ്.
ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെയും മാസ് വുഡ് ഇൻഡസ്ട്രീസിന്റെയും സംയുക്താഭിമുഖ്യത്തിൽ ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ കാസർഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. അഷ്റഫ് വിദ്യാർഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
മാസ് വുഡ് ഇൻഡസ്ട്രീസ് ഉടമ വി.ജെ. ജോസ് മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് സി. ബിജു അധ്യക്ഷത വഹിച്ചു. മുഖ്യാധ്യാപകൻ എം. സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഹരി, ജിഷ്ണു, അപർണ, സനോജ്, മദർ പിടിഎ പ്രസിഡന്റ് പി. ധന്യ, പിടിഎ വൈസ് പ്രസിഡന്റ് സി. മനോഹരൻ, സീനിയർ അസിസ്റ്റന്റ് സുകുമാരൻ എന്നിവർ പ്രസംഗിച്ചു.