ഗോത്രജന സംഗമവും സെമിനാറും നടത്തി
1582838
Sunday, August 10, 2025 8:25 AM IST
പരപ്പ: അന്തർദേശീയ ആദിവാസി ദിനാചരണത്തിന്റെ ഭാഗമായി പരപ്പയിൽ വിവിധ ആദിവാസി സംഘടനകളുടെ നേതൃത്വത്തിൽ ഗോത്രജന സംഗമവും സെമിനാറും സംഘടിപ്പിച്ചു. പരപ്പ വൈഎംസിഎ ഹാളിൽ ഉണർത്തുപാട്ടോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഡോ. അംബേദ്കറിന്റെയും മഹാത്മാ അയ്യങ്കാളിയുടെയും ഛായാചിത്രങ്ങൾക്ക് മുന്നിൽ ദീപം തെളിയിച്ച് വിവിധ സംഘടനാ നേതാക്കളും ഊരു മൂപ്പന്മാരും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു.
സംഘാടകസമിതി ചെയർമാൻ കമലാക്ഷന് കക്കോൽ അധ്യക്ഷത വഹിച്ചു. കൺവീനർ രാഘവൻ അടുക്കം, വർക്കിംഗ് ചെയർപേഴ്സൺ രമ്യ ബാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. മുതിർന്ന മംഗലംകളി കലാകാരന്മാരായ ഉമ്പിച്ചിയമ്മ, കൊച്ചുവെളുത്തൻ എന്നിവർ വിശിഷ്ടാതിഥികളായി.
തുടർന്ന് ജാതിവ്യവസ്ഥയും അധികാരവും: ഇന്നലെ ഇന്ന് നാളെ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സംസ്കൃതപണ്ഡിതനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ.ടി.എസ്. ശ്യാംകുമാർ പ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജയചന്ദ്രൻ ചാമക്കുഴി മോഡറേറ്ററായി. സതീശൻ മാസ്റ്റർ, മധു എന്നിവർ പ്രസംഗിച്ചു. ഉച്ചയ്ക്കുശേഷം നടന്ന സെമിനാറിൽ ഇന്ത്യൻ ഭരണഘടനയും സംവരണവും നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ ഡോ. മാളവിക ബിന്നി വിഷയാവതരണം നടത്തി. പി.കെ. രാമചന്ദ്രൻ മോഡറേറ്ററായി. രതീഷ് കാട്ടുമാടം, ടി. ചന്ദ്രകുമാർ എന്നിവർ പ്രസംഗിച്ചു.
കാസർഗോഡ് തുടി സാംസ്കാരിക സമിതിക്ക് വേണ്ടി ഡോ.വി. ബാലകൃഷ്ണൻ, ദ്രാവിഡ ഗോത്രകല അക്കാദമിക്ക് വേണ്ടി ശിവദാസൻ ചുള്ളിക്കര, ഗോത്രബന്ധു തായന്നൂരിന് വേണ്ടി പത്മനാഭൻ കൂളിമാവ്, പിആർഡിഎസിന് വേണ്ടി സുരേന്ദ്രൻ കാലിക്കടവ്, എംപിഎംഎസ് ജില്ലാ കമ്മിറ്റി അംഗം ബിജു മുടന്തേൻപാറ, എകെഎംഎസ് പ്രതിനിധി കുഞ്ഞിക്കണ്ണൻ പൂക്കുന്നം, വേടൻ ഫാൻസിനെ പ്രതിനിധീകരിച്ച് രാകേഷ് മാലോം, മംഗളംകളി അക്കാദമിക്ക് വേണ്ടി കണ്ണൻ ആനപ്പെട്ടി എന്നിവർ സെമിനാറിലും ചർച്ചയിലും പങ്കെടുത്തു.